തമിഴ്നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റ് ദീപകിനെതിരെ കേരളത്തിലും നിരവധി കേസുകൾ

Published : Nov 10, 2019, 07:57 AM IST
തമിഴ്നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റ് ദീപകിനെതിരെ കേരളത്തിലും നിരവധി കേസുകൾ

Synopsis

സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ നേതാവായ ദീപക്, സായുധ സേനയിലെ പ്രധാനിയാണ് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലില്‍ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു

പാലക്കാട്/ചെന്നൈ: തമിഴ്നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ദീപകിനെതിരെ കേരളത്തിലും നിരവധി കേസുകൾ. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ നേതാവായ ദീപക്, സായുധ സേനയിലെ പ്രധാനിയാണ്. കാലിന് പരിക്കേറ്റ് ചികിത്സയിലുള്ള ദീപക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ 2017 മുതൽ, ദീപക്കിന്റെ സാന്നിധ്യമുണ്ടെന്നാണ് പൊലീസ് രേഖകൾ. 2018 ഒക്ടോബർ 16 ന് താമരശ്ശേരി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജീവനക്കാരെ അക്രമിച്ച കേസിൽ ദീപക് മുഖ്യ പ്രതിയാണ്. അട്ടപ്പാടി, വയനാട് തുടങ്ങിയ മേഖലകളിലും ദീപകിനെതിരെ കേസുകളുണ്ട്. ഇതിന് പുറമെയാണ് തമിഴ്നാട്ടിലെയും കർണാടകത്തിലെയും കേസുകൾ. 

മാവോയിസ്റ്റ് സേനാംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണ് ദീപക്. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലില്‍ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അവിടെ നിന്നും ആയുധങ്ങളുമായി രക്ഷപ്പെട്ട ഇയാൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്. 

ദീപക്കിന് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. ഇതിലൊരാള്‍ വനിതാ മാവോയിസ്റ്റെന്നും, ശരണ്‍ എന്ന വിളിപ്പേരുള്ളയാണ് രക്ഷപ്പെട്ടവരില്‍ മറ്റൊരാള്‍ എന്നും സൂചനയുണ്ട്. തമിഴ്നാട് പൊലീസിന്‍റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായാൽ ദീപകിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം