
കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത. എൻഡിഎയുടെ സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകിയില്ലെന്നാണ് പരാതി. അതേസമയം, ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്.
കോർപ്പറേഷനിലെ 7 സീറ്റുകളിലാണ് തർക്കം നിലനിൽക്കുന്നത്. വിഷയത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു. അതേസമയം, മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ശ്യാമള എസ് പ്രഭു സീറ്റില്ല. ശ്യാമളക്ക് പകരം ചെറളായി ഡിവിഷനിൽ പുതുമുഖം പ്രവിത ഇ എസ് മത്സരിക്കുമെന്ന് ധാരണയായി. ബിജെപി സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശ്യാമള അറിയിച്ചു. പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ ഇടപെടലിലാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ശ്യാമള ആരോപിക്കുന്നു.