
കൊച്ചി: കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ ശ്രമം.
മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം സന്പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇതേത്തുടർന്നാണ് കളക്ടർ ചർച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
യുഡിഎഫിന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. എന്നാൽ മേയർക്കെതിരെ അവരുടെ പാർട്ടിയിൽ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ഏത് വിധേനയും വോട്ടെടുപ്പ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
74 അംഗ കൗൺസിൽ ക്വാറം തികയണമെങ്കിൽ 38 അംഗങ്ങൾ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാൻ യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ക്വാറം തികയാതെ വന്നാൽ അവിശ്വാസ പ്രമേയ നടപടികൾ ആറ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കും. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam