അന്തേവാസികളെ മർദ്ദിച്ച സംഭവം; സൂപ്രണ്ടിന് സസ്പെൻഷൻ, വനിതാ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Sep 24, 2019, 1:46 PM IST
Highlights

അസുഖം മാറിയ മകളെ സൂപ്രണ്ട് സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിച്ചത് അമ്മ ചോദ്യം ചെയ്തതിനെ തുടർന്നാണ് സൂപ്രണ്ട് ഇരുവരേയും ക്രൂരമായി മർദ്ദിച്ചത്. 

കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിലുളള പളളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദനമേറ്റ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേഥയാ കേസെടുത്തു. കമ്മീഷൻ അംഗങ്ങൾ ഇവിടം സന്ദർശിച്ച് തെളിവെടുക്കും. അഗതിമന്ദിരത്തിന്‍റെ ചുമതലയുളള സൂപ്രണ്ട് അൻവർ ഹുസൈനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കമ്മീഷൻ വ്യക്തമാക്കി. സംഭവത്തിൽ അൻവർ ഹുസൈനെ അ​ഗതിമന്ദിരം സൂപ്രണ്ട് സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി കോർപ്പറേഷന്റേതാണ് നടപടി.

ഇന്നലെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം കൊച്ചിയിൽ അരങ്ങേറിയത്. പളളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസികളായ ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, കുറച്ചുനാൾക്ക് മുമ്പാണ് അമ്മ കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചത്. അസുഖം മാറിയ മകളെ സൂപ്രണ്ട് സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിച്ചത് അമ്മ ചോദ്യം ചെയ്തതിനെ തുടർന്നാണ് സൂപ്രണ്ട് ഇരുവരേയും ക്രൂരമായി മർദ്ദിച്ചത്. ഇരുവരേയും മർദ്ദിച്ചതിന് പുറമെ എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചയാതും സൂപ്രണ്ടിനെതിരെ പരാതികളുണ്ട്.

Read More; കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും ക്രൂരമർദ്ദനം; വിശദീകരണം തേടി കളക്ടർ

സംഭവത്തിൽ അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന് മകളെയും അമ്മയെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഹുസൈനിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആ​രോ​ഗ്യ മന്ത്രി കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

Read More; അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: സൂപ്രണ്ട് അൻവർ ഹുസൈനെ അറസ്റ്റ് ചെയ്തു
 

click me!