പുറത്താക്കിയ ആളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്നാണ് കോണ്‍ഗ്രസ് മറുപടി. പുറത്താക്കിയെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എംഎൽഎയ്ക്കെതിരെ അതിഗുരുതര പരാതികള്‍ തുടര്‍ച്ചായി വരുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ കോണ്‍ഗ്രസ് പറയണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീനറും ബിജെപിയും. പുറത്താക്കിയ ആളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്നാണ് കോണ്‍ഗ്രസ് മറുപടി. പുറത്താക്കിയെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എംഎൽഎയ്ക്കെതിരെ അതിഗുരുതര പരാതികള്‍ തുടര്‍ച്ചായി വരുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.
കോണ്‍ഗ്രസിന്‍റെ മുഖവും നാവുമായിരുന്ന യുവ നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോള്‍ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നതിലേയ്ക്ക് എത്തി. വിവാഹ വാഗ്ദാനം ചെയ്ത് ബലാല്‍സംഗം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കൽ, ഭീഷണി, സാമ്പത്തിക ചൂഷണം രാഹുലിനെതിരെയുള്ളത് സമാനവും ഗുരുതരവുമായ മൂന്നു കേസുകളാണ്. പുറത്താക്കലെന്ന് ബ്രഹ്മാസ്ത്രം പ്രയോഗിച്ചെന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുകയാണ് യുവ എംഎൽഎയ്ക്കെതിരായ പരാതികള്‍.
പുറത്താക്കുമ്പോള്‍ പോലും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആജ്ഞാ സ്വരത്തിൽ കോണ്‍ഗ്രസ് രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ല. എംഎൽഎ സ്ഥാനം രാജിവ്ക്കുന്നതാണ് ഉചിതമെന്ന് മാത്രം പറഞ്ഞു. രാജി വയ്ക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു വാദം. എൽഡിഎഫ് സമാന ആരോപണം നേരിടുന്നവര്‍ രാജിവച്ചില്ലെന്ന് പറഞ്ഞാണ് ന്യായീകരിച്ചത്. സിപിഎമ്മും ബിജെപിയും പറയുന്നതു പോലെ ചെയ്യാനില്ലെന്നാണ് ഇപ്പോഴത്തെയും മറുപടി.
രാഹുലിനെ സംരക്ഷിക്കുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്ന എതിരാളികളുടെ ആരോപണം ശരിയല്ലേ എന്നു തോന്നും വിധം വിഷയത്തിൽ കോണ്‍ഗ്രസിൽ രണ്ടു ചേരിയുണ്ടായിരുന്നു. പാര്‍ട്ടിയിൽ നിന്നും പാര്‍ലമെന്‍ററി പാര്‍ട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്യുമ്പോഴും നിയമസഭയിലേയ്ക്ക് വരാമോയെന്നതിൽ തര്‍ക്കിച്ചു. വന്നപ്പോള്‍ ന്യായീകരിച്ചു. നേരിട്ട് കിട്ടിയ പരാതി പൊലീസിന് ഉടനടി കൈമാറിയെങ്കിലും അത് തയ്യാറാക്കിയതിനെക്കുറിച്ച് കെപിസിസി പ്രസിഡന്‍റ് സംശയിച്ചു. പ്രതിപക്ഷ നേതാവ് പ്രസിഡന്‍റിനെ തള്ളി. രാഹുൽ അറസ്റ്റിലാകുമ്പോള്‍ ന്യായീകരിച്ചവര്‍ക്ക് പാര്‍ട്ടിയിൽ നിശബ്ദരാകേണ്ടി വരും. 3 ബലാത്സംഗ കേസുകളിലെ പ്രതിക്ക് കോണ്‍ഗ്രസിലേയ്ക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വേണം അനുമാനിക്കാൻ.



