
കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിനെ കോടതി റിമാൻഡ് ചെയ്തു. പി ജി മനുവിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിയെ 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതായും കോടതി അറിയിച്ചു. അടുത്ത മാസം ആറ് വരെയാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
അതേസമയം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ന് രാവിലെ എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മനു കീഴടങ്ങിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പി ജി മനുവിനെതിരായ കേസ് ഇപ്രകാരം
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് മുൻ സർക്കാർ പ്ലീഡർ പി ജി മനുവിനെതിരായ കേസിലെ പരാതിക്കാരി. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദ്ദേശപ്രകാരം പരാതിക്കാരി സർക്കാർ അഭിഭാഷകനായ പി ജി മനുവിനെ സമീപിച്ചത്. ഇക്കാര്യം യുവതി നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഇതിന് ശേഷം തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം