
കൊച്ചി : കൊച്ചി കൂട്ടബലാത്സംഗ കേസിലെ അന്വേഷണ പുരോഗതി പങ്കുവച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. മിഥുൻ എന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും. ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിക്കുക. ആയുധ നിരോധന നിയമപ്രകാരം 2017 ൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. ഇത് സംബന്ധിച്ചു കൂടുതൽ പരിശോധന എക്സൈസുമായി ചേർന്ന് പോലീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കോസ്റ്റൽ സിഐ പി ആർ സുനുവിന് നേരെ വകുപ്പുതല നടപടിയെടുത്തത് സാമൂഹ്യവിരുദ്ധ ശക്തികളും ആയിട്ടുള്ള കൂട്ടുകെട്ട് ബോധ്യപ്പെട്ടതിനാലെന്നും കമ്മീഷ്ണർ പറഞ്ഞു. ഇന്നലെ സ്റ്റേഷനിൽ ചാർജെടുത്തെങ്കിലും സുനുവിനോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ മൂന്നാം പ്രതിയായ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് ചെയ്തത്. നാല് പേർക്ക് പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. അതേസമയം പരിശോധനക്കായി പൊലീസ് പരാതിക്കാരിയുടെ ഫോൺ പിടിച്ചെടുത്തതിലും ആക്ഷേപമുയർന്നിട്ടുണ്ട്.
യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്‍റ് ചെയ്തത്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്ന് യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.
Read More : 'അന്വേഷണം ശരിയായ ദിശയിലല്ല, പൊലീസ് ഫോണ്‍ പിടിച്ചുവച്ചിരിക്കുന്നു', കൊച്ചി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam