'പെൻസിൽ പാക്കിംഗ്' ജോലി വാഗ്ദാനം; സാമൂഹിക മാധ്യമങ്ങളില്‍ തൊഴില്‍ തട്ടിപ്പ് സംഘം സജീവം

By Nikhil PradeepFirst Published Nov 21, 2022, 12:28 PM IST
Highlights

വാട്ട്സാപ്പ് വഴി ബന്ധപ്പെടാനാണ് പരസ്യങ്ങളിൽ തട്ടിപ്പ് സംഘം ആവശ്യപ്പെടുക. മെസേജ് അയച്ചാൽ ഇവർ മുൻകൂട്ടി തയ്യാറാക്കിയ സന്ദേശം തിരിച്ചയക്കും.


തിരുവനന്തപുരം: പണം തട്ടാൻ പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനവുമായി തട്ടിപ്പ് സംഘങ്ങൾ സമൂഹികമധ്യമങ്ങളിൽ സജീവം. മാസം 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സമൂഹികമധ്യമങ്ങളിൽ ഇരകളെ തേടുന്നത്. പല പേരുകളിൽ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വന്തമായി വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി, അത് വഴിയുമൊക്കെയാണ് ഇവര്‍ ജനങ്ങളിലേക്ക് പരസ്യങ്ങൾ എത്തിക്കുന്നത്. പണവും വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും മറ്റ് രേഖകളും  കൈക്കലാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം.

ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്‍റെ നടരാജ പെൻസിലുകളുടെ പാക്കിംഗ് ജോലികളാണ് സംഘം വാഗ്ദാനം ചെയ്തിരിക്കുന്നത്. പലപ്പോഴും ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകളിൽ നിന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ജോലി വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ കൂടുതലായും പ്രചരിക്കുന്നത്. ചിലർ ഇത് വ്യാജമാണെന്ന് മനസ്സിലാക്കി ഒഴിവാക്കുമെങ്കിലും മറ്റ് ചിലർ ഈ കെണികളിൽ വീഴുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

വാട്ട്സാപ്പ് വഴി ബന്ധപ്പെടാനാണ് പരസ്യങ്ങളിൽ തട്ടിപ്പ് സംഘം ആവശ്യപ്പെടുക. മെസേജ് അയച്ചാൽ ഇവർ മുൻകൂട്ടി തയ്യാറാക്കിയ സന്ദേശം തിരിച്ചയക്കും. ഒരു ദിവസം 10 എണ്ണം വീതമുള്ള 12 ബോക്സുകൾ ആണ് പാക്ക് ചെയ്യേണ്ടത് എന്ന് ഇവർ പറയുന്നു. ഇങ്ങനെ ബന്ധപ്പെടുന്നവർക്ക് രജിസ്ട്രേഷനായി ആധാർ കാർഡ്, പൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സംഘം ആവശ്യപ്പെടും. വിശ്വാസ്യത പിടിച്ചുപറ്റാൻ കമ്പനിയുടെ മാനേജർ എന്ന പേരിൽ രാജീവ് സിംഗ് ( ഓരോ സംഘങ്ങളിലും വ്യത്യസ്ത പേരുകളിൽ ആയിരിക്കും ) എന്ന് പരിചയപ്പെടുത്തുന്ന ആൾ തന്‍റെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പികൾ വാട്ട്സാപ്പിൽ അയക്കും. 

ഇത് നൽകി കഴിഞ്ഞാൽ 750 രൂപ രജിസ്ട്രേഷൻ ഫീസ് ആയി ഇവർ ആവശ്യപ്പെടും. രജിസ്ട്രേഷൻ കഴിഞ്ഞാൽ അഡ്വാൻസ് ആയി 10,000 രൂപ നൽകുമെന്നും പാക്കിംഗിന് വേണ്ടിയുള്ള സാധനങ്ങൾ കൊറിയർ ആയി അടുത്ത ദിവസം അയക്കുമെന്നും അറിയിക്കും. എന്നാൽ, രജിസ്ട്രേഷൻ തുക ഇനത്തിൽ 750 രൂപ ലഭിക്കുന്നതോടെ പിന്നീട് സംഘം മെസ്സേജുകൾക്ക് മറുപടി നൽകാതെ മുങ്ങുകയാണ് പതിവ്. എന്നാല്‍, ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വെബ്സൈറ്റില്‍ തങ്ങള്‍ പൂർണമായും യന്ത്ര സഹായത്തോടെയാണ് ഉത്പാദനവും പാക്കിംഗും ചെയ്യുന്നതെന്നും രാജ്യത്തുടനീളം സമൂഹിക മധ്യമങ്ങൾ വഴി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ അവസരങ്ങളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കൂടുതല്‍ വായിക്കാന്‍:  ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; തളരാതെ ബസ് ഒതുക്കി നിര്‍ത്തിയ ഡ്രൈവര്‍ രക്ഷിച്ചത് 48 ജീവനുകള്‍ 

 

click me!