
കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ചുരുളഴിയാതെ സാമ്പത്തിക ഇടപാട്. ആശ ബെന്നിയുടെ സാമ്പത്തിക ഇടപാടില്‍ ഉത്തരം കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. 25 ലക്ഷത്തോളം രൂപയാണ് അയൽവാസിയില്‍ നിന്ന് ആശ കടം വാങ്ങിയത് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, പണം എന്ത് ചെയ്തു എന്ന കാര്യത്തില്‍ സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല. ഭര്‍ത്താവിനെയും മക്കളെയും ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. നാട്ടുകാരിൽ ചിലർക്ക് പണം കടം കൊടുത്തെന്നാണ് ആശയുടെ കുറിപ്പ്. 2020ൽ കൊടുത്ത പണം തിരിച്ച് കിട്ടിയിട്ടില്ലെന്നും ആശയുടെ കുറിപ്പിലുണ്ട്. ആശ സ്ഥിരമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ 19ന് ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42)എന്ന വീട്ടമ്മ ജീവനൊടുക്കിയത്. കടം വാങ്ങിയ പണത്തിന് അമിത പലിശ ആവശ്യപ്പെട്ട് പ്രദീപും ബിന്ദുവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് വീട്ടമ്മയായ ആശ ബെന്നി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കേസില്‍ ആരോപണവിധേയരായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. പ്രദീപ് സർവ്വീസിലിരിക്കെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്. 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്‌പെൻഷനിലുമായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)