
കൊച്ചി: കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു. ടെണ്ടറിംഗ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ നിന്ന് നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) രാജ്യത്ത് എത്ര വലിയ പങ്കാണോ വഹിച്ചത് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ ഇതോടെ കൊച്ചി മെട്രോയും ആ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്നാണ് ഈ രംഗത്തെ നിരീക്ഷരുടെ വിലയിരുത്തല്‍.
മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് റെക്കോര്‍ഡ് വേഗത്തിലാണ് കെ.എം.ആര്‍.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. കനാലും കായലും കടലും, പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നത് എന്ന് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വാട്ടർ മെട്രോ മുബൈയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇന്റർമോഡൽ കണക്ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. 2026 ൽ പദ്ധതി നിർമ്മാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയും വിധത്തിൽ ഡിപിആർ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്ത് റൂട്ടുകളും ഉള്‍പ്പെടുത്തി മഹാരാഷ്ട്രയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള പഠനം കെ.എം.ആര്‍.എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ത്തുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇത് വഴി തുറന്നു കഴിഞ്ഞു. കൊച്ചി മെട്രോയുടെ നിലിവലെ പദ്ധതി നിര്‍വ്വണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധര്‍ തന്നെയാണ് ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടുതന്നെ കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തില്‍ ഏര്‍പ്പെടുന്നത്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെ.എം.ആര്‍.എല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പാട്‌ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. അഹമ്മദാബാദ്, ഗുഹാത്തി എന്നിവടങ്ങളിലെ റിപ്പോര്‍ട്ട് ഈ മസം നല്‍കുമെന്നും കൊച്ചി മെട്രോ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ പറഞ്ഞു. ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈ സാധ്യത പഠന ങ്ങള്‍ വിലയിരുത്തി സാധ്യതയുള്ള സ്ഥലങ്ങളില്‍ അധികം താമസിയാതെ ഡിപിആര്‍ പഠനത്തിലേക്ക് കടക്കും. ഇത്തരം കേന്ദ്രങ്ങളിലെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്താല്‍ സുസ്ഥിര നഗര ജലഗതാഗത മേഖലയില്‍ രാജ്യാന്തര ബ്രാന്‍ഡായി വളരാനുള്ള സാധ്യതകളാണ് കെ.എം.ആര്‍.എല്ലിന് മുന്നില്‍ തെളിയുക എന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam