
കൊച്ചി: കൊച്ചി മെട്രോയുടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമാണം മുടങ്ങില്ലെന്നും മറ്റൊരു ഏജൻസിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ വച്ചാണ് മെട്രോയുടെ രണ്ടാംഘട്ട നിർമാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസം പിന്നിടുന്പോൾ പദ്ധതി തന്നെ അനിശ്ചിതത്തിലായിരിക്കുകയാണ്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോ നിർമിക്കാൻ ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആർഎല്ലിന്‍റെ പ്രതീക്ഷികളെല്ലാം. എന്നാൽ മെട്രോ ഒന്നാംഘട്ട നിർമാണത്തിൽ നൽകിയ റിപ്പോർട്ട് ഊതിവീർപ്പിച്ചതാണെന്ന് എഎഫ്ഡി കണ്ടെത്തി.
മെട്രോ ആദ്യഘട്ട നിർമാണ എസ്റ്റിമേറ്റ് 5,181 കോടി രൂപയായിരുന്നു. എന്നാൽ പൂർത്തിയായത് 7,100 കോടി രൂപയ്ക്ക്. ആദ്യഘട്ട നിർമാണം പൂർത്തിയായാൽ ഓരോ ദിവസവും 4.5 ലക്ഷം പേർ മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി. നിലവിലെ പ്രതിദിന യാത്രക്കാർ 70,000.
രണ്ടാംഘട്ട നിർമാണത്തിന് കെഎംആർഎല്ലിന്‍റെ എസ്റ്റിമേറ്റ് 2,577 കോടി രൂപ. കേന്ദ്രസർക്കാർ ഇത് 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണ് പദ്ധതിയ്ക്ക് അനുമതി നൽകിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. ആദ്യഘട്ട എസ്റ്റിമേറ്റ് വിലയിരുത്തലിൽ പിഴച്ചതോടെ രണ്ടാംഘട്ടത്തിൽ എഎഫ്ഡി സ്വന്തം നിലയ്ക്ക് ഏജൻസിയെ വച്ച് അന്വേഷണം നടത്തി. ഇതിൽ ഉദ്ദേശിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം.
ഫ്രഞ്ച് വികസന ബാങ്കിന്‍റെ പിന്മാറ്റം കെഎംആർഎൽ സ്ഥിരീകരിച്ചു. എന്നാൽ ഇതുകൊണ്ട് പദ്ധതി മുടങ്ങില്ലെന്നും മറ്റൊരു ഏജൻസിയെ കണ്ടെത്തി രണ്ടാംഘട്ടവുമായി മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു.
കൊച്ചി കൂട്ടബലാത്സംഗക്കേസ്: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam