
കൊച്ചി: ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേടിയത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി രാംനവാസ് എന്നിവര്‍ ഏറ്റുവാങ്ങി. കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹര്‍ ലാലാണ് പുരസ്കാരം സമ്മാനിച്ചത്.
മെഗാ ഗ്രീന്‍ എനര്‍ജി പ്രോജക്റ്റ്സ് പവറിംഗ് കൊച്ചിസ് ട്രാന്‍സ്പോര്‍ട്ട് സെക്ടര്‍'' പദ്ധതിയിലൂടെ സുസ്ഥിര വളര്‍ച്ചയില്‍ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ശ്രമമായാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇന്ത്യയില്‍ വായു, കര, റെയില്‍, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊര്‍ജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവര്‍ത്തിക്കുന്ന ഏക നഗരമാണ് കൊച്ചി. സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്.
കൊച്ചി മെട്രോ സ്വന്തം ഊര്‍ജ്ജാവശ്യങ്ങളുടെ 53 ശതമാനവും സൗരോര്‍ജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്. 2028ഓടെ പൂർണമായും സൗരോര്‍ജത്തിലേക്ക് മാറുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു. 11.33 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ കൊച്ചി മെട്രോ ഉല്‍പ്പാദിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകള്‍ക്ക് മുകളിലും ഡിപ്പോ ട്രാക്കുകളിലും മെട്രോ പാതകളിലുമായി ഒരുക്കിയ സോളാര്‍ പാനലുകൾ വഴി വര്‍ഷം തോറും 13,000 ടണ്ണിലധികം കാര്‍ബണ്‍ വിസർജനം കുറയ്ക്കുന്നു. അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ നട്ടതിനു തുല്യമാണ് ഈ പ്രവർത്തനം. കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ-ഓട്ടോകളും വാട്ടര്‍ മെട്രോ ഇലക്ട്രിക് ബോട്ടുകളും നഗരത്തിലെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയെ കൂടുതല്‍ ശുദ്ധവും സുരക്ഷിതവും സാമ്പത്തിക സൗഹൃദവുമാക്കി മാറ്റുന്നു.
പൂര്‍ണ്ണമായും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ സിയാലും ഹരിത ഊര്‍ജ വ്യാപനത്തിന് കരുത്തുപകരുന്നു. 55 മെഗാവാട്ട് വൈദ്യുതിയാണ് സോളാര്‍-ഹൈഡ്രോ സംയോജനത്തിലൂടെ സിയാല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും ഉള്‍പ്പെടുന്നു. കൊച്ചി മെട്രോയും സിയാലും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്ന 66.33 മെഗാവാട്ട് ഹരിത ഇന്ധനം പ്രതിവര്‍ഷം 62,000 ടണ്ണിലധികം കാര്‍ബണ്‍ എമിഷൻ കുറയ്ക്കുന്നു.
കൊച്ചിയെ കൂടുതല്‍ ശുചിത്വവും കൂടുതല്‍ ഹരിതവും കൂടുതല്‍ ഉത്തരവാദിത്തബോധവുമുള്ള നഗരമാക്കി മാറ്റുന്നതില്‍ ജനങ്ങളുടെ കൂട്ടായ പരിശ്രമവും നിതാന്ത ജാഗ്രതയും വലിയ പങ്ക് വഹിച്ചതായി ലോക് നാഥ് ബെഹ്റ പറഞ്ഞു. കൊച്ചി മെട്രോ നടപ്പാക്കിയ ഹരിത പ്രവര്‍ത്തനങ്ങളില്‍ വന്‍തോതിലുള്ള വൃക്ഷതൈ നടീല്‍, ട്രെയിന്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി പുറം തള്ളുന്ന വെള്ളത്തിന്റെ 80 ശതമാനം വരെ ശുദ്ധീകരിക്കുന്നതിനുള്ള ജലശുദ്ധീകരണ സംവിധാനം, സ്റ്റേഷനുകളിലെ തന്നെ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ പുരസ്കാരത്തിനായി പരിഗണിച്ച ഘടകങ്ങളാണ്. സോളാര്‍ പാനലുകളുടെ കീഴില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചതും, ഭൂമിയുടെ ഉപയോഗക്ഷമതയും ഊര്‍ജ്ജോല്‍പാദനവും വര്‍ദ്ധിപ്പിക്കാൻ പേയന്നൂരില്‍ പ്രത്യേക തരം സോളാര്‍ ഇന്‍സ്റ്റോലേഷനുകളും സിയാല്‍ നടപ്പാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam