മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്; 2.49 കോടി രൂപ നൽകി, വലിയ തുക കൈമാറിയത് ചെക്കായി

Published : Oct 02, 2026, 08:56 AM ISTUpdated : Oct 02, 2026, 12:23 PM IST
Mundamveli flat

Synopsis

ഓഡിറ്റ് വിഭാഗത്തിൽ നിന്ന് അടിയന്തരമായി ഫയൽ നീക്കണമെന്ന് അന്നത്തെ ജിസിഡിഎ ചെയർമാൻ വി.സലീം നിർദ്ദേശിച്ചതായാണ് രേഖകളിൽ പറയുന്നത്. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താനായില്ലെന്നും ജിസിഡിഎയുടെ നോട്ടിൽ ഓഡിറ്റിംഗ് സൂപ്രണ്ടിന്റെ പരാമർശമുണ്ട്.

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടി‍ഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയത്. മുൻ ചെയർമാൻ വി.സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ധൃതിപ്പെട്ട് ഓൺലൈൻ പെയ്മെൻറിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചത്. ക്രമക്കേടിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന GCDA നോട്ട് ഷീറ്റിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുകാരായ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്ക് അഡ്വാൻസ് മൊബിലൈസേഷൻ ഫണ്ട് നൽകാൻ അസാധാരണ തിടുക്കമാണ് മുൻ ജിസിഡിഎ ചെയർമാൻ വി.സലീം നടത്തിയത്. 2020 സെപ്റ്റംബർ 30നാണ് ടിഡിഎൽസിക്ക് 20% മൊബിലൈസേഷൻ ഫണ്ട് നൽകാൻ സർക്കാർ ഉത്തരവിറങ്ങുന്നത്. സാങ്കേതിക ഭരണ അനുമതി ലൈഫ് മിഷൻ പരിശോധിച്ചു അംഗീകാരം നൽകിയശേഷം ഫണ്ട് നൽകാവൂ എന്നും ഉത്തരവിൽ പറയുന്നു. ഈ വിവരം GCDA നോട്ട് ഷീറ്റിൽ ആദ്യം കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ ലൈഫ് മിഷന്റെ ഈ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ 2.49 കോടി രൂപ നൽകാനുള്ള നീക്കം നടന്നതായി രേഖയിൽ കാണാം.

ഓഡിറ്റ് വിഭാഗത്തിൽ നിന്ന് അടിയന്തരമായി ഫയൽ നീക്കണമെന്ന് അന്നത്തെ ജിസിഡിഎ ചെയർമാൻ വി.സലീം നിർദ്ദേശിച്ചതായാണ് രേഖകളിൽ പറയുന്നത്. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താനായില്ലെന്നും ജിസിഡിഎയുടെ നോട്ടിൽ ഓഡിറ്റിംഗ് സൂപ്രണ്ടിന്റെ പരാമർശമുണ്ട്. അന്നുതന്നെ വലിയ തുക ഇ-പെയ്മെൻറ് ഒഴിവാക്കി തിടുക്കത്തിൽ ചെക്കായാണ് നൽകിയതെന്നും രേഖകളിൽ വ്യക്തമാണ്. കരാർ കമ്പനിയായ ‍ടി‍ഡിഎൽസിക്ക് പണം നൽകാനും ഫയൽനീക്കാനും ചെയർമാൻ വി. സലീം തിടുക്കം കാണിച്ചത് എന്തിനാണെന്നതും ചോദ്യമാണ്.

2020 ഒക്ടോബർ എട്ടാം തീയതിയാണ് ഈ ഇടപെടൽ. എൻജിനീയറിങ് വിഭാഗത്തിൽനിന്ന് തിടുക്കത്തിൽ എത്തിച്ച ഫയൽ ഓഡിറ്റിംഗ് വിഭാഗത്തിനോട് ഉടനടി നീക്കാൻ ചെയർമാൻ വി.സലീം ഉത്തരവിടുകയായിരുന്നു. ഇതുമൂലം ഇത്ര വലിയ തുക അനുവദിച്ചപ്പോൾ കൃത്യമായ രേഖകളുടെ പരിശോധന നടത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റിംഗ് വിഭാഗം സൂപ്രണ്ട്, നോട്ടിൽ കൃത്യമായി എഴുതിയിരിക്കുന്നു. അവിടംകൊണ്ടും കഴിഞ്ഞില്ല തിടുക്കം. അതേ ദിവസം തന്നെ പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാതെ, ചെക്ക് മുഖാന്തരം ആണ് അനുവദിച്ചത്.

മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ടിഡിഎൽസിക്ക് കരാർ നൽകിയതിലും ചട്ടലംഘനം നടന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ലൈഫ് പദ്ധതിക്ക് കീഴിൽ മുണ്ടംവേലിയിൽ ഫ്ളാറ്റ് നിർമിക്കാനുള്ള പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായാണ് ടിഡിഎൽസിയെ ആദ്യം നിയമിച്ചത്. എന്നാൽ, ഇതേ കമ്പനിക്ക് തന്നെ ഫ്ളാറ്റിന്റെ നിർമാണ കരാറും നൽകുകയായിരുന്നു. നിർമാണത്തിന്റെ ​ഗുണനിലവാരം പരിശോധിക്കേണ്ട ചുമതലയടക്കം പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കാണുള്ളത്. എന്നാൽ, കൺസൾട്ടൻസിയായ ഇതേ സ്ഥാപനത്തിന് തന്നെ നിർമാണ കരാർ നൽകിയത് ചട്ടലം​ഘനമാണെന്നാണ് ആരോപണം.

അതിനിടെ മുണ്ടംവേലിയിലെ ജനങ്ങളെ നിർമ്മാണം പൂർത്തിയായ തുരുത്തിയിലെ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കണമെന്ന കളക്ടറുടെ നിർദേശം കോർപ്പറേഷൻ തള്ളി. തുരുത്തിയിലെ താമസക്കാരെ നിശ്ചയിച്ചതാണെന്നും മുണ്ടംവേലിയിലെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി അവരുടെ നിലയ്ക്ക് താമസം കണ്ടെത്താനുള്ള അവസരം ഒരുക്കണമെന്നുമാണ് കോർപ്പറേഷൻ നിലപാട്. പിന്നാലെ പുനരധിവാസം സംബന്ധിച്ച് എറണാകുളം എംഎൽഎ മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി വിഡി സതീശനും മന്ത്രി കെഎം ഷാജിയുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചി മുണ്ടംവേലിയിൽ നിർമിച്ച പി ആൻഡ് ടി ഫ്ളാറ്റുകളാണ് ചോർച്ചയും തകരാറും കാരണം താമസയോ​ഗ്യമല്ലാതെയായത്. ഫ്ളാറ്റിൽ ​ഗുണഭോക്താക്കൾ താമസം ആരംഭിച്ച് മാസങ്ങൾക്കുള്ളിലാണ് ചോർച്ചയടക്കം ഉണ്ടായത്. ഇതോടെ താമസക്കാരും കൊടിയ ദുരിതത്തിലാണ്. മുണ്ടംവേലി ഫ്ളാറ്റ് നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനും സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരം; കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം
സാമ്പത്തിക തട്ടിപ്പ് കേസ്; തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍‌, ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന് കേസ്