കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി (Number 18 Hotel ) ബന്ധപ്പെട്ട പോക്സോ കേസ് (POCSO Case ) പ്രതി അഞ്ജലി റീമ ദേവ്. തന്നെ കുടുക്കാൻ രാഷ്ട്രീയക്കാരൻ ഉൾപ്പടെ 6 പേര്‍ ശ്രമിക്കുന്നുണ്ടെന്നാണ് അഞ്ജലിയുടെ ആരോപണം. അവർ തന്നെ അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ഇവരാണെന്നും അഞ്ജലി വ്യക്തമാക്കുന്നു. റോയ് വയലറ്റിനെ കേസിൽ കുടുക്കാനാണ് തന്നെ ഈ കേസിൽ വലിച്ചിടുന്നതെന്നും അഞ്ജലി ആരോപിക്കുന്നു. എല്ലാം കളവാണെന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നിശ്ചയിച്ചാണ് വാദം കേൾക്കുന്നത്. നമ്പർ 18 ഹോട്ടൽ ഉടമയായ റോയി വയലാട്ട്, ഇയാളുടെ സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് എന്നിവരാണ് പ്രതികൾ. നമ്പർ 18 ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. എന്നാൽ, പെൺകുട്ടിയുടെ മാതാവുമായുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് പരാതിയ്ക്ക് ആധാരമെന്നാണ് പ്രതികളുടെ വാദം.
പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി
നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച് ഒളിവിലുള്ള പ്രതി അഞ്ജലി. പരാതിക്കാരിക്ക് ക്രമിനൽ പശ്ചാത്തലമുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം. എന്നാൽ, അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നും വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരിയും വെളിപ്പെടുത്തി.
പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. പെൺകുട്ടിയുമായി ബാറിലടക്കമെത്തിയത് അമ്മയാണെന്നും പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് അഞ്ജലിയുടെ പുതിയ ആരോപണം.
എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.