P Jayarajan : സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല, 'പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', വിമ‍ർശനവുമായി റെഡ് ആ‍ർമി

Published : Mar 05, 2022, 09:48 AM ISTUpdated : Mar 05, 2022, 10:15 AM IST
P Jayarajan : സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല, 'പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', വിമ‍ർശനവുമായി റെഡ് ആ‍ർമി

Synopsis

P Jayarajan : "പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്", "സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം" എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്. കണ്ണൂരിൻ ചന്താരകമല്ലോ ജയരാജൻ എന്ന പാട്ടും പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ(CPM State Secretariat ) പി  ജയരാജനില്ലെന്ന് (P Jayarajan) അറിഞ്ഞതോടെ നേതാവിനായി സമൂഹ മാധ്യമങ്ങളിൽ മുറവിളി. സിപിഎം സംസ്ഥാന സെക്രട്ടറേറിയേറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 

"പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്", "സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം" എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്. 'കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ' എന്ന പാട്ടും പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പോസ്റ്റുകൾ ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ് ഇപ്പോൾ. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുക്കാത്തതിൽ അനുയായികളുടെ വിമർശനം ഉയരുന്നതിനിടെയാണ് ഇത്. അതേസമയം ജയരാജൻ അനുകൂല പോസ്റ്റുകൾ ഇടുന്നതിൽ നിന്ന്  ഈ ഫേസ്ബുക്ക് പേജിനെ പാർട്ടി വിലക്കിയിരുന്നു.

75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടവരെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയപ്പോൾ യുവജനനേതാക്കൾ പലർക്കും നേതൃതലത്തിലേക്ക് വരാൻ അവസരമൊരുങ്ങി. പി.കെ.ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയം.

കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വർഷമായിട്ടും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതിനാൽ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറിയായി തുടരാനാവും. സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പി.ശ്രീരാമകൃഷ്ണനെ ഇക്കുറി പരിഗണിച്ചില്ല. പുതുതായി വനിതകളാരും സെക്രട്ടേറിയറ്റിൽ ഇല്ല. പി.കെ.ശ്രീമതി മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതാ സാന്നിധ്യം.

Read More : പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 

'സീനിയർ നേതാക്കളെയെല്ലാം സെക്രട്ടറിയേറ്റിലെടുക്കാനാകില്ല', പി ജയരാജൻ വിഷയത്തിൽ കോടിയേരി

പി ജയരാജനെ സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കൂടുതൽ പേർ ഒരേ ജില്ലയിൽ നിന്നുമുള്ളതിനാലാണ് പി ജയരാജനെ (P Jayarajan) ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരിയുടെ വിശദീകരണം. 

''കണ്ണൂരിൽ നിന്നും കൂടുതൽ പേരുണ്ട്. എല്ലാ ജില്ലകൾക്കും അവസരം നൽകണം. അതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നത്. 'ആരേയും എഴുതിത്തള്ളാൻ കഴിയില്ല. ജയരാജനുമായി പ്രശ്നങ്ങളില്ല. പാർട്ടിയിലെ സീനിയർ മെമ്പറാണെന്ന് കരുതി എല്ലാവരേയും പാർട്ടി സെക്രട്ടറിയേറ്റിലേക്ക് എടുക്കാൻ കഴിയില്ലെന്നും പ്രവർത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നുവെന്നുമാണ് കോടിയേരിയുടെ വിശദീകരണം. 

ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിലും കോടിയേരി വിശദീകരണം നൽകി. സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നുവെന്നും ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാമെന്നാണ് അദ്ദേഹം പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി. പ്രായ പരിധിയും പരിഗണനയിൽ വന്നപ്പോഴാണ് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന നിരയിലേക്ക് കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തുകയെന്നത് പാർട്ടി തീരുമാനമായിരുന്നു. ഭാവിയെ ലക്ഷ്യം വെച്ചുള്ള തീരുമാനമാണത്. കേന്ദ്രകമ്മിറ്റി 75 എന്ന ഒരു പ്രായപരിധി  നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള നേതാക്കളെല്ലാം 75 ന് അടുത്ത് പ്രായമുള്ളവരാണ്. എല്ലാവരും ഒഴിയുമ്പോൾ പാർട്ടിക്ക് പുതിയ ഒരു നിര നേതാക്കൾ വേണം. ആ കാഴ്ചപ്പാടോടെയാണ് കൂടുതൽ യുവാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് എടുത്തത്. എല്ലാവരും പാർട്ടി തീരുമാനത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read More: സെക്രട്ടേറിയറ്റിലേക്ക് ആനാവൂരിൻ്റെ സർപ്രൈസ് എൻട്രി ; തിരുവനന്തപുരത്ത് സിപിഎമ്മിന് പുതിയ സെക്രട്ടറി വരും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ