കൊച്ചിയിൽ വീണ്ടും കർശന നിയന്ത്രണങ്ങളുമായി പൊലീസ്; പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നീക്കം അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക്

Published : Nov 19, 2026, 04:25 PM IST
ernakulam north

Synopsis

ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കായി കൊച്ചി സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണങ്ങളും സഹായ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പോലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനം ആരംഭിച്ചു.

തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് (പ്രധാന) കവാടത്തിലൂടെ പുറത്തിറങ്ങി പ്രത്യേക കെ.എസ്.ആർ.ടി.സി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. എന്നാൽ, തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി സഞ്ചരിച്ച് കിഴക്കേ കവാടത്തിന് മുന്നിലാണ് ഭക്തരെ ഇറക്കേണ്ടത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കവാടം വരെയുള്ള ഭാഗത്ത് പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ പരിമിതമായ പാർക്കിംഗ് സൗകര്യം കണക്കിലെടുത്ത് ഓട്ടോറിക്ഷ പാത ആവശ്യാനുസരണം വൺവേ ആയി ക്രമീകരിക്കുമെന്നും പോലീസ് അറിയിച്ചു. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി 25ലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം പ്രധാന ജംഗ്ഷനുകളിലും പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും സിസിടിവി നിരീക്ഷണം ശക്തമാക്കും. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. പൂജാദ്രവ്യങ്ങളും മാലിന്യങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

തീർത്ഥാടകർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അനൗൺസ്മെന്റുകളും വ്യക്തമായ ദിശാസൂചിക ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്ക്യു എന്നിവയുമായി ചേർന്നുള്ള സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് തികഞ്ഞ സൗഹാർദ്ദത്തോടെ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ക്രമീകരണങ്ങളുമായി പൊതുജനങ്ങളും ഭക്തരും സഹകരിക്കണമെന്നും കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജയരാജനും രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നു; കുറ്റക്കാരെന്ന് കണ്ടെത്തിയവരും പാർട്ടിയുടെ കേഡർമാർ, പാർട്ടി അവർക്കൊപ്പമുണ്ടാകും'
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം, മറ്റ് ആറ് പ്രതികള്‍ക്ക് ജാമ്യം