കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

Published : Jul 14, 2021, 11:12 AM ISTUpdated : Jul 14, 2021, 11:16 AM IST
കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

Synopsis

മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്. 

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നില്‍. തൃശ്ശൂർ പൊലീസ് ക്ലബിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ ആരംഭിച്ച് കഴിഞ്ഞു. പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ കിട്ടുന്നതിന് പിന്നിലടക്കം ഗൂഡാലോചനയുണ്ടെന്നുമാണ് തൃശ്ശൂർ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. 

ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണെന്നാണ് സുരേന്ദ്രൻ്റെ വാദം. പാർട്ടി അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടിയുള്ള നീക്കമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നു. പരാതിക്കാരൻ്റെ കോൾ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. 

കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്. 

നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നതെങ്കിലും കെ സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു. 

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം