
തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്.
ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മ രാജന്റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിത്. നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദദാംശങ്ങൾ ലഭ്യമായിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam