കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി

By Web TeamFirst Published Sep 28, 2021, 11:23 AM IST
Highlights

കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. 

കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിൻ്റെ ലക്ഷ്യം. 22 പ്രതികളെയും ചോദ്യം ചയ്യാൻ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. 

ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം  ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും. കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.

click me!