ജോയ്സന വിഷയത്തില്‍ കേന്ദ്ര അന്വേഷണം? പിന്തുണച്ച് സുരേന്ദ്രന്‍, ബിഷപ്പിനെ അടക്കം സന്ദര്‍ശിച്ചു

By Web TeamFirst Published Apr 14, 2022, 7:12 PM IST
Highlights

എന്നാൽ, തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ജോയ്‍സ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. ഇത് താമരശ്ശേരി ജില്ലാ കോടതിയിൽ ജോയ്‍സ്ന എത്തി ബോധിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവമ്പാടി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ (BJP President K Surendran) കോടഞ്ചേരിയില്‍ ജോയ്സനയുടെ (Joysna) വീട്ടിലെത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി. പെൺകുട്ടിയെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണോ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്ര അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യമെങ്കിൽ അതിന് പിന്തുണ നല്‍കും. തെയ്യപ്പാറ സെന്‍റ് തോമസ് പള്ളി വികാരിയുമായും താമരശേരി ബിഷപ്പ് റെമജീയോസ് ഇഞ്ചനാനിയിലുമായും സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.

എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിഷപ്പ് തയ്യറായില്ല. അതേസമയം, കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോയ്‍സ്നയെ 'കാണാതായതിന്' പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിന്‍റെ ആരോപണം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോയ്‍സ്നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും അച്ഛൻ ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ, തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ജോയ്‍സ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. ഇത് താമരശ്ശേരി ജില്ലാ കോടതിയിൽ ജോയ്‍സ്ന എത്തി ബോധിപ്പിക്കുകയും ചെയ്തിരുന്നു. കോടഞ്ചേരി വിവാഹ വിവാദത്തില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസ്സുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.

താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്‍റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമജീയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍  ശ്രമിക്കുകയാണെന്നും അത്തരം ശക്തികള്‍ക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്‍റെ വാക്കുകള്‍.

ജോയ്സനയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജ്യോയ്സ്നയെയും കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഇരുവര്‍ക്കും മൂന്ന് ദിവസം ഒളിവില്‍ കഴിയാന്‍ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപതാ നേതൃത്വത്തിനുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വികാരം പാര്‍ട്ടി കണക്കിലെടുത്തില്ലെന്ന വിമര്‍ശനവും രൂപതാ നേതൃത്വം പങ്കുവയ്ക്കുന്നു. ഈ വികാരം ഉള്‍ക്കൊളളുന്ന നിലയിലായിരുന്നു ഇന്നലെ കോടഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണം.

വിഷയം വഷളാക്കിയത് കോണ്‍ഗ്രസ് ആണെന്നും സിപിഎം ആരോപിച്ചിരുന്നു. ഇതിനെതിരെ കോടഞ്ചേരിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോടഞ്ചേരി വിവാഹ വിവാദത്തിലും ജോര്‍ജ്ജ് എം തോമസിന്‍റെ ലൗ ജിഹാദ് പരാമര്‍ശത്തിലും കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാര്‍ ഇന്ന് ജോയ്സനയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി. 

click me!