
കൊച്ചി: ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.
കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹത്തിലെ പെൺകുട്ടിയാണ് ജോയ്സ്ന. പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.
ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവർത്തിച്ചു. മാതാപിതാക്കളെ കാണാൻ തത്കാലം ആഗ്രഹിക്കുന്നില്ല,സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു. ജോയ്സനയെ കേട്ട കോടതി ഉടൻ ഹർജി തീർപ്പാക്കി പെൺകുട്ടിയുടെ തീരുമാനം അംഗീകരിച്ചു. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛൻ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26വയസ്സുള്ള ജോയ്സ്ന വിദേശത്തടക്കം ജോലി ചെയ്ത് ലോകം കണ്ട വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജോയ്സന നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്നും പറയാനാകില്ല. അതിനാൽ വ്യക്തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിധി ഉണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി എസ് സുധ, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam