'പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല'; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ

Published : Aug 22, 2026, 08:44 AM IST
Palakkad Railway Division Split

Synopsis

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി എംപി പ്രതികരിച്ചു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകി.

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി.

ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

റെയിൽവേ ബോർഡിന്റെ തീരുമാനം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.

കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയിൽവേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതെന്ന് എംപി പറഞ്ഞു.

പാലക്കാട് ഡിവിഷൻ കേരളത്തിന്റെ റെയിൽവേ സംവിധാനത്തിന്റെ നിർണായക ഘടകമാണ്. അതിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്ന ഓരോ നടപടിയും ഭാവിയിൽ ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഒരു ചെറിയ ഭരണപരമായ മാറ്റമായി ലഘൂകരിച്ച് കാണാൻ കഴിയില്ല. കേരളത്തിന്റെ റെയിൽവേ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിലെ ബിജെപി നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കേരളത്തിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമ്പോൾ അതിന്റെ മുഴുവൻ രാഷ്ട്രീയ നേട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും അവകാശപ്പെടുകയും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ബിജെപി നേതാക്കൾ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. പിന്തുണയ്ക്കുന്നില്ലെങ്കിൽ തീരുമാനം പിൻവലിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ അവർ തയ്യാറാകണം. കേരളത്തിന്റെ താൽപര്യങ്ങളെക്കാൾ രാഷ്ട്രീയ സൗകര്യത്തിന് മുൻതൂക്കം നൽകുന്ന സമീപനം ഇനി കേരളം അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടലുകളെ ചെറുതാക്കി കാണിക്കുകയും റെയിൽവേ വികസനങ്ങളുടെ രാഷ്ട്രീയ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ, കേരളത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുന്നതിലൂടെ സ്വന്തം ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ ആരാണ് കേരളത്തോടൊപ്പം നിൽക്കുന്നത് എന്നും ആരാണ് കേന്ദ്രസർക്കാരിന്റെ മുന്നിൽ മൗനം പാലിക്കുന്നതെന്നും ജനങ്ങൾ തിരിച്ചറിയും.

ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയം നേരിട്ട് ചർച്ച ചെയ്യും. യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആശങ്കകളും പ്രതിഷേധവും അറിയിക്കും. പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയും ചെയ്യും. റെയിൽവേ ബോർഡിന്റെ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാനും തീരുമാനം നടപ്പാക്കുന്നതിൽനിന്ന് പിന്മാറാനും ആവശ്യപ്പെടുമെന്നും എംപി അറിയിച്ചു.

കേരളത്തിലെ യാത്രക്കാരുടെ താൽപര്യങ്ങൾക്ക് പ്രതികൂലമായ ഒരു തീരുമാനവും നിശബ്ദമായി അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി ഏകോപിപ്പിച്ച് ഈ വിഷയത്തിൽ സംയുക്തമായ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ നിൽക്കും. പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലും കേരളത്തിന്റെ പ്രതിഷേധം ശക്തമായി ഉയർത്തും. തീരുമാനം പിൻവലിക്കുന്നതുവരെ ഈ വിഷയത്തിൽ രാഷ്ട്രീയമായും പാർലമെന്ററി തലത്തിലും ജനകീയമായും പോരാട്ടം തുടരും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ വിട്ടുകൊടുക്കില്ല. കേരളത്തിന്റെ യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വികസനത്തിന്റെ പേരിൽ കേരളത്തിൽ വന്ന് രാഷ്ട്രീയ നേട്ടം കൊയ്യുകയും കേരളത്തിന് പ്രതികൂലമായ തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല. പാലക്കാട് ഡിവിഷനെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല. ഈ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി
ട്രിപ്പിന് വേണ്ടി വിളിച്ചുവരുത്തി, യാത്രയ്ക്കിടെ തർക്കം; 22 കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി സംഘം