
കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ പരാതി നൽകി. തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. എൻഎച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതി കൊടിക്കുന്നിൽ സുരേഷിൻ്റെ മാവേലിക്കര മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ വിവാദം തുടരുന്നതിനിടെയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയും പരാതിയുമായി രംഗത്തെത്തുന്നത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. അതേസമയം, പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാരിൻ്റെ ബഹിഷ്കരണമെന്നാണ് സൂചന.
കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിൻറെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സർക്കാരിന് പകരം മറ്റൊരു സർക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമർശിക്കുന്നു.
അതേസമയം, പരിപാടിയിൽ എംബി രാജേഷും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നും മണ്ഡലത്തിൽ വെറെ പരിപാടികൾ ഉണ്ടെന്നും എംബി രാജേഷ് പ്രതികരിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും പങ്കെടുക്കില്ല. അസൗകര്യം ഉണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരടക്കം പങ്കെടുക്കാതെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുകയാണ്.. പ്രധാനമന്ത്രി കൊച്ചിയിൽ എത്താനിരിക്കെ സംസ്ഥാന സർക്കാരിൻറെ പ്രതിനിധികളായി ആരും പങ്കെടുക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam