
ഇടുക്കി: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സൈനിക നേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. രാജ്യം സേനയുടെ കയ്യിലാണ് സുരക്ഷിതമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഎം മുൻകൈ എടുത്ത് ഒരക്രമവും സംസ്ഥാനത്ത് നടത്തില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം എടുക്കാൻ കോൺഗ്രസ്സും ആര്‍എസ്എസും തയ്യാറായാൽ അക്രമം ഇല്ലാത്ത നാടായി കേരളത്തെ മാറ്റാമെന്നും കോടിയേരി പറഞ്ഞു. ഹർത്താലും പണിമുടക്കും അവസാനത്തെ ആയുധം ആയിരിക്കണമെന്നും ഏഴു ദിവസത്തെ നോട്ടീസ് എന്ന കോടതി നിർദേശം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു.