'ആരുടെ മകൻ ആയാലും പറയേണ്ടത് പാർട്ടിയിൽ പറയണം', ജയരാജന്‍റെ മകനെതിരെ കോടിയേരി

Published : Mar 05, 2022, 09:20 PM ISTUpdated : Mar 05, 2022, 09:27 PM IST
'ആരുടെ മകൻ ആയാലും പറയേണ്ടത് പാർട്ടിയിൽ പറയണം', ജയരാജന്‍റെ മകനെതിരെ കോടിയേരി

Synopsis

പി ജയരാജന്‍റെ വീഡിയോ ഷെയർ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട‍നെഞ്ചിൽത്തന്നെ' എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു ഈ പോസ്റ്റ്. 

കണ്ണൂർ: സംസ്ഥാനസെക്രട്ടേറിയറ്റിൽ നിന്ന് പി ജയരാജനെ തഴഞ്ഞതിൽ മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കേണ്ടെന്നും, സ്വന്തം നിലപാട് പി ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജയരാജന്‍റെ മകൻ ജെയ്ൻ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ''ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം'' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം സംസ്ഥാനസെക്രട്ടറിക്കസേരയിൽ മൂന്നാമൂഴം ലഭിച്ച ശേഷം കണ്ണൂരിൽ നടന്ന സ്വീകരണയോഗത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. 

പി ജയരാജന്‍റെ വീഡിയോ ഷെയർ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട‍നെഞ്ചിൽത്തന്നെ' എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു ഈ പോസ്റ്റ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാർട്ടിയിൽ പറയണമെന്നും കോടിയേരി വ്യക്തമാക്കി. 

പി ജയരാജന് വേണ്ടിയുള്ള സമൂഹമാധ്യമങ്ങളിലെ മുറവിളിയെ കോടിയേരി പൂർണമായും തള്ളിക്കളയുകയാണ്. ജനഹൃദയങ്ങളിൽ ഉള്ളത് ഒരാൾ മാത്രമല്ല. പാർട്ടി നേതാക്കളെല്ലാം ജനഹൃദയങ്ങളിലുണ്ട്. പാർട്ടി മെമ്പർമാർ പാർട്ടി നയങ്ങളെ കുറിച്ച് ഫെയ്സ് ബുക്കിൽ അഭിപ്രായം പറയരുത്. ഒറ്റക്കെട്ടായെടുത്ത തീരുമാനം പി ജയരാജൻ ഉൾപ്പടെ അംഗീകരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കുന്നു. 

അതേസമയം, സംസ്ഥാനസെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ജയരാജൻ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. പൊതുയോഗത്തിലായിരുന്നു പ്രതികരണം. പാർട്ടിയിൽ എന്തു പദവി കിട്ടുമെന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു. 

സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന പിജെ, മാധ്യമങ്ങൾക്ക് ഒളിഞ്ഞുനോട്ട മനസ്സാണെന്ന് കുറ്റപ്പെടുത്തി. എങ്കിലും ജയരാജനെ തഴഞ്ഞതിൽ അനുയായികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രതികരണങ്ങൾ നടത്തുകയാണ്.

'പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല,  പക്ഷേ ഈ നേതാവ് ജനഹൃദയങ്ങളിലുണ്ട്'. ഇന്നലെ മുതൽ പിജെ അനുയായികളിൽ പലരുടെയും വാട്സപ്പ് സ്റ്റാറ്റസ് ഇതാണ്. ജയരാജന്‍റെ സമൂഹമാധ്യമത്തിലെ ഫാൻസ് കൂട്ടായ്മ ആയിരുന്ന പിജെ ആർമിയെ പാർട്ടി നിയന്ത്രിച്ച് 'റെഡ് ആർമി' എന്ന് പേരുമാറ്റിയിരുന്നു. ജയരാജനെ പ്രകീർത്തിക്കുന്ന പോസ്റ്റിടരുതെന്നും തിട്ടൂരം ഉണ്ടായിരുന്നു. 

എന്നാൽ ഇന്നലെ റെഡ് ആർമി ഒഫീഷ്യൽ പേജിൽ പിജെയെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ നിറഞ്ഞു. 'കണ്ണൂരിൻ ചെന്താരകമല്ലോ പി ജയരാജൻ ധീരസഖാവ്' എന്ന വാഴ്ത്തുപാട്ടും പേജിൽ പ്രത്യക്ഷപ്പെട്ടു. കണ്ണൂരിൽ മടങ്ങിയെത്തിയ ജയരാജൻ മാധ്യമ വിമർശനത്തെ മറയാക്കിയാണ് മറുപടി പറഞ്ഞത്.

പറയാനുള്ളത് മാത്രം പറഞ്ഞ് പി ജെ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. പ്രകടനം നടത്തരുതെന്നും ഫ്ലക്സ് വയക്കരുതെന്നും കർശന നിർദ്ദേശവും അനുയായികൾക്ക് നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം