
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് കോടിയേരി. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി ചർച്ച ചെയ്യാൻ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം 5 വർഷം കൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കേന്ദ്ര നിലപാട് തിരുത്താൻ എംപിമാരും ബിജെപി സംസ്ഥാന ഘടകവും സമർദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണം. ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം. മന്ത്രി ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്തക്ക് വ്യക്തമായി. വിധി സ്വാഗതാർഹമാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.
ലോകായുക്താ ഭേദഗതിയിൽ സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യും. മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്താതെ പുറത്ത് എതിർപ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.
ഗവർണറും സർക്കാരുമായും തർക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഓർഡിനൻസ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാൻ കഴിയൂ. കെടി ജലീലിന്റെ ആരോപണങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായമാണ്, സിപിഎമ്മിന്റേതല്ല. ലോകായുക്തയ്ക്കെതിരെ ഒരാരോപണവും സിപിഎം ഉന്നയിച്ചിട്ടില്ല. ജലീൽ പാർട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും കോടിയേരി പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനുമതി നൽകുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുത്താൽ മാത്രമേ വായ്പയെടുക്കാനാവൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന വാദം വസ്തുതാപരമായി ശരിയല്ല. കേന്ദ്രാനുമതി ലഭിച്ചാലേ വായ്പ എടുക്കാൻ കഴിയൂ. പദ്ധതിയെക്കുറിച്ച് ബിജെപിയുടേയും കോൺഗ്രസിന്റെയും നിലപാട് മാറ്റണം. വന്ദേ ഭാരത് വന്നാൽ സിൽവർ ലൈൻ വരുന്നതിനേക്കാൾ രൂക്ഷമായ യാത്രാ പ്രശ്നം വരും. വളവുകൾ നിവർത്തണം, അതിന് സിൽവർ ലൈൻ വേണം. എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam