
കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ദൌതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. ഈങ്ങയിൽപീടികയിലെ 'കോടിയേരി' കുടുംബ വീട്ടിലെ പൊതുദർശനത്തിൽ ആയിരങ്ങളാണെത്തിയത്. പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കണ്ട് കണ്ണീരണിഞ്ഞാണ് പലരും മടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല എന്നിവർ രാവിലെ തന്നെ 'കോടിയേരി'വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അൽപ്പസമയം അവർക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മടങ്ങിയത്. ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൌൺ ഹാളിൽ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൌകര്യമൊരുക്കുന്നത്. സ്പീക്കർ ഷംസീർ, എംഎം മണി എംഎൽഎ, മുകേഷ് എംഎൽഎ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam