നിറഞ്ഞ കണ്ണുകളുമായി നിന്നവരെല്ലാം ഹൃദയവേദനയിലും മുഷ്ടി ചുരുട്ടി ചങ്ക് പിളർക്കെ 'ഇല്ല...ഇല്ല...മരിക്കുന്നില്ല... കോടിയേരി മരിക്കുന്നില്ല' എന്ന് ഓരോ നിമിഷത്തിലും ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു

കണ്ണൂർ: അതേ, കണ്ണൂരിന് അത്രമേൽ വേദനിക്കുകയാണ്. ഒരോ നിമിഷവും കൂടുന്ന വേദനയായി പ്രിയ നേതാവിന്‍റെ ചേതനയറ്റ ശരീരം അവരുടെ മുന്നിലൂടെ കടന്നു പോയി. പൊതുവേ ചുവന്നു തുടുത്ത മണ്ണിൽ, കണ്ണിരിന്‍റെ നനവുള്ള, ഏറെ വേദനയുള്ള ഒരു ദിനം കൂടി സമ്മാനിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍റെ വിലാപയാത്ര കടന്നുപോയത്. കേരള രാഷ്ട്രീയത്തിലെ ഒരു പാട് പ്രഗത്ഭരായ നേതാക്കൾക്ക് അന്തിമോപചാരം അർപ്പിച്ചിട്ടുള്ള ജനത, എ കെ ഗോപാലനടക്കമുള്ളവരുടെ വിലാപയാത്രയിൽ കണ്ണീരണിഞ്ഞിട്ടുള്ള ജനത, അന്നത്തെ അതേ വേദന വീണ്ടുമറിയുന്നു. സാധാരണ ജനങ്ങളും നേതാക്കളുമെല്ലാം ഹൃദയം തൊട്ട് വിതുമ്പുന്ന കാഴ്ചയാണ് മട്ടന്നൂർ വിമാനത്താവളം മുതൽ കണ്ണൂർ ടൗൺ ഹാൾ വരെ കണ്ടത്. നിറഞ്ഞ കണ്ണുകളുമായി നിന്നവരെല്ലാം ഹൃദയവേദനയിലും മുഷ്ടി ചുരുട്ടി ചങ്ക് പിളർക്കെ 'ഇല്ല...ഇല്ല...മരിക്കുന്നില്ല... കോടിയേരി മരിക്കുന്നില്ല' എന്ന് ഓരോ നിമിഷത്തിലും ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു.

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ജനം ഒഴുകിയെത്തി. ചെങ്കൊടി പകുതി താഴ്ത്തി കെട്ടി, അതിന് മുകളിലായി വേദനയോടെ അവർ കരിങ്കൊടി കെട്ടി, നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലും അവർ പ്രിയ സഖാവിനെ ചങ്ക് പിളർക്കെ മുദ്രാവാക്യം വിളിച്ചാണ് ഏറ്റുവാങ്ങിയത്. കോടിയേരിയുടെ ഭൗതിക ശരീരം വഹിച്ചുള്ള ആംബുലൻസ് മുന്നോട്ട് നീങ്ങുമ്പോൾ, ജനക്കൂട്ടത്തിന്‍റെ വേദനയും ഏറുകയായിരുന്നു. സമൂഹത്തിന്‍റെ നാനാതലങ്ങളിലുമുള്ളവരും ഓടിയെത്തി. സ്ത്രീകളും കുട്ടികളുമെല്ലാം വഴിയോരങ്ങളിൽ കാത്തു നിന്ന് അന്തിമോപചാരം അർപ്പിച്ചു.

ടൗണ്‍ ഹാളിൽ വൈകാരിക രംഗങ്ങൾ; പൊട്ടിക്കരഞ്ഞ് തള‍ര്‍ന്ന് വീണ് വിനോദിനി, കോടിയേരിക്ക് പിണറായിയുടെ ലാൽ സലാം

കോടിയേരി ജനിച്ചു വളർന്ന് വലിയ നേതാവായി മാറുന്ന കാഴ്ച നേരിട്ട് കണ്ടറിഞ്ഞ കണ്ണൂരിലെ ജനതയ്ക്ക് അവസാന യാത്ര അത്രമേൽ ഹൃദയം നുറുങ്ങുന്നതായിരുന്നു. കൂത്തുപറമ്പും തലശ്ശേരിയുമൊക്കെ ജനപ്രവാഹമായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് ഏവരും നിലയുറപ്പിച്ചിരുന്നത്. ഒടുവിൽ ടൗണ്‍ ഹാളിലേക്ക് ആംബുലൻസ് കടന്നതോടെ മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിന് കണ്ണീരിന്‍റെ നനവായിരുന്നു. പതിനായിരങ്ങളാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നത്. മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്‍പചക്രം അര്‍പ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. സംസ്ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.

'ഒരെല്ല്' കൂടുതലുള്ള ആഭ്യന്തരമന്ത്രി; ജനമൈത്രി, കമ്പ്യൂട്ടര്‍, മൊബൈൽ..പൊലീസിനെ മാറ്റിയ കോടിയേരിക്കാലം