
കോഴിക്കോട്: മതവിശ്വാസത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്‍റെ വാചകം ഓർമ്മിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. മതവിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകുന്നതിന് തടസമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവർ വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട്ട് സിപിഎം ജില്ലാ സമ്മേളനവേദിയിൽ വ്യക്തമാക്കി.
ഇകെ സുന്നികൾ ഇടതുപക്ഷവുമായി കൂട്ടുകൂടുന്നത് തടയനായി, സിപിഎം വിശ്വാസത്തിനെതിരാണെന്ന് കഴിഞ്ഞ കുറെ ദിവസമായി ലീഗ് പ്രചരിപ്പിച്ചിരുന്നു. എന്നാൽ എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും യോജിക്കുന്നതിൽ തെറ്റില്ലെന്നും സുന്നി നേതാവ് സമദ് പൂക്കോട്ടുർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് കോടിയേരിയുടെ പ്രസ്താവന. നേരത്തെ ഐഷാ പോറ്റി എംഎം മോനായി എന്നിവർക്കെതിരെ സിപിഎം വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നടപടി എടുത്തിരുന്നു.
കാടാമ്പുഴയിൽ കോടിയേരിക്ക് വേണ്ടി നേർച്ച നടത്തിയത് തർക്ക വിഷയമായിരുന്നു. ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്തവരോട് വിശദീകരണം ചോദിച്ചിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാാർക്സിസത്തിന്റെ ആചാര്യൻ കാൾ മാക്സും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ മറന്ന് വിശ്വാസികളെ പാർട്ടി ഉൾക്കൊള്ളുമെന്നും ഭക്തി അംഗികരിക്കുമെന്നുമാണ് കോടിയേരി ഇപ്പോൾ വ്യക്തമാക്കുന്നത് സാങ്കേതികമായി പാർട്ടി അംഗത്വം നേടാൻ തടസമില്ലെങ്കിലും നേരത്തെ ഭക്തരെ മാറ്റി നിർത്തലായിരുന്നു സിപിഎമ്മിന്‍റെ രീതി.