കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ അസാധ്യം; സിപിഐയെ വിമർശിച്ച് കോടിയേരി

By Web TeamFirst Published Jan 4, 2022, 9:50 AM IST
Highlights

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് മാത്രമേ ഗുണകരമാവൂയെന്ന് കോടിയേരി ബാലകൃഷ്ണൻ

ഇടുക്കി: ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രസ്താവനയിൽ സിപിഎമ്മും സിപിഐയും പോരിലേക്ക്. ബിനോയ് വിശ്വത്തിനെ പിന്തുണച്ച് ഇന്ന് ജനയുഗത്തിൽ മുഖപ്രസംഗം വന്നതോടെ സിപിഐക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കേരളത്തിൽ കോൺഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് മാത്രമേ ഗുണകരമാവൂയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് പ്രധാനം. പ്രാദേശിക കക്ഷികൾ ഇക്കാര്യത്തിൽ നിർണായകമാണ്. കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്നും കോടിയേരി പറഞ്ഞു.

ഇടുക്കിയിൽ ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രന് എതിരായ ജില്ലാ കമ്മിറ്റിയുടെ നടപടി ശുപാർശയും രാജേന്ദ്രന്റെ കത്തും സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രനെതിരെ നടപടി പ്രഖ്യാപിക്കില്ല. സമ്മേളനത്തിന് ശേഷം ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിപിഐ മുഖപത്രം ഇന്ന് മുഖപ്രസംഗം എഴുതിയിരുന്നു. രാജ്യത്ത് രാഷ്ട്രീയ ബദൽ ഉണ്ടാക്കാൻ കോൺഗ്രസ് അനിവാര്യ ഘടകമാണെന്ന് ഇതിൽ പറയുന്നു. കോൺഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകൾ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും. കമ്യുണിസ്റ്റ് ഇടത് പാർട്ടികളുടേത് മാത്രമായ ദേശീയ ബദൽ അസാധ്യം എന്നും ജനയുഗം പറയുന്നു. 

click me!