കൂടത്തായിയിലെ കൊലപാതകിയെ പിടികൂടിയത് ഇഷ്ടപ്പെടാത്തത് ഒരാള്‍ക്കുമാത്രമെന്ന് കോടിയേരി ബാലകൃഷ്ണന്‍

By Web TeamFirst Published Oct 15, 2019, 1:34 PM IST
Highlights

കൂടത്തായിയിലേത് കൊലപാതകമാണെന്നും മറ്റുമുള്ള വിവരം അഞ്ചുമാസം മുമ്പേ അറിഞ്ഞിരുന്നെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹമത് പൊലീസിനെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി. 

കാസര്‍കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ കൊടുംകുറ്റവാളിയെ പിടികൂടിയത് ഇഷ്ടപ്പെടാത്ത ഒരേയൊരാള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടട്ടേ എന്നാണോ മുല്ലപ്പള്ളി കരുതിയതെന്നും കോടിയേരി ചോദിച്ചു.

കൂടത്തായിയിലേത് കൊലപാതകമാണെന്നും മറ്റുമുള്ള വിവരം അഞ്ചുമാസം മുമ്പേ അറിഞ്ഞിരുന്നെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹമത് പൊലീസിനെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നാണ് കോടിയേരി പറഞ്ഞത്. സൂര്യനെ പോലും വിറ്റ് കാശാക്കാന്‍ നോക്കിയവരാണ് യുഡിഎഫ് എന്ന് സോളാര്‍ കേസ് സൂചിപ്പിച്ച് കോടിയേരി ആരോപിച്ചു. യുഡിഎഫ് വികസനത്തിന്‍റെ മാതൃകയാണ് പാലാരിവട്ടം പാലം എന്നും അദ്ദേഹം പരിഹസിച്ചു. ഇടതു പക്ഷം വികസന വിരോധികൾ എന്ന വിമർശനം മാറി. ആർ എസ്എസ്പ്രവർത്തകർ മുസ്ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും കോടിയേരി ആരോപിച്ചു.

എന്‍എസ്എസ് ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.  ഒരു സമുദായ സംഘടനയും ഇടതുപക്ഷത്തിന് എതിരാണെന്ന് കരുതുന്നില്ല. ഇടതുപക്ഷം വിശ്വാസിവിരുദ്ധമല്ല. വിശ്വാസികളെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റാനുള്ള ചിലരുടെ നീക്കം വിലപ്പോവില്ല. പാര്ലമെന്റ് തെരെഞ്ഞെടുപ്പിൽ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ മറ്റുള്ളവർക്കായി. ഇനി അവര്‍ക്ക് അതിന് കഴിയില്ല. ശബരിമലയില്‍ വികസനം നടത്തിയത് ഇടതുപക്ഷമാണ്. ഒന്നര വര്‍ഷത്തേക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷം മോശമാണെന്ന് തോന്നുകയാണെങ്കില്‍ അതിനുശേഷം വോട്ടു മാറി ചെയ്തോളൂ എന്നും കോടിയേരി പറഞ്ഞു.

പാർലമെൻറിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണ്. അവര്‍ വെറും പിന്താങ്ങി പ്രതിപക്ഷമാണ്. അയോധ്യാ കേസില്‍ വഖഫ് ബോര്ഡിന് സർക്കാർ സഹായം ചെയ്യരുതെന്ന തരൂരിന്റെ അഭിപ്രായത്തോട് യുഡിഫ്ന്റെ നിലപാട് എന്ത് എന്ന് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 


 

click me!