ഗുരുവിന്റെ മകളെ കൂടെക്കൂട്ടിയ ശിഷ്യൻ; കോടിയേരി-വിനോദിനി പ്രണയവും വിവാഹവും

By Web TeamFirst Published Oct 2, 2022, 9:18 AM IST
Highlights

കോടിയേരിയുടെ രാഷ്ട്രീയ ​ഗുരുവുും തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വി രാജഗോപാലന്റെ മകളായിരുന്നു വിനോദിനി. കോടിയേരിയാകട്ടെ അക്കാലത്ത് രാ ജഗോപാലന്റെ സന്തത സഹചാരിയായിരുന്നു.

കണ്ണൂർ:  രാഷ്ട്രീയജീവിതം പോലെ തന്നെ സൗമ്യമായിരുന്നു കോടിയേരിയുടെ പ്രണയ ജീവിതവും. പ്രണയിച്ച് കലഹമുണ്ടാക്കിയൊന്നുമല്ല വിനോദിനി കോടിയേരിയുടെ ജീവിതത്തിലേക്ക് വന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അറേഞ്ച്ഡ്-പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വീട്ടിൽ നിന്ന് വെറും ഒരുകിലോമീറ്റർ അകലെ നിന്നാണ് കോടിയേരി വിനോദിനിയെ ജീവിതത്തിലേക്ക് കൂടെ കൂട്ടുന്നത്. തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിലായിരുന്നു കോടിയേരിയുടെ വീട്. മുളിയിൽ നടയിലായിരുന്നു വിനോദിനിയുടെ മൊട്ടേമ്മൽ വീട്. ഇരുവീട്ടുകാരും നല്ല അടുപ്പത്തിലായിരുന്നു. ആ അടുപ്പമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലെത്തിച്ചത്. 

കോടിയേരിയുടെ രാഷ്ട്രീയ ​ഗുരുവും തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വി രാജഗോപാലന്റെ മകളായിരുന്നു വിനോദിനി. കോടിയേരിയാകട്ടെ അക്കാലത്ത് രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിന് മുമ്പേ ഇരുവരും നല്ല അടുപ്പമുണ്ടായി. രാജ​ഗോപാലനും കോടിയേരിയെ നല്ല കാര്യമായിരുന്നു. തന്റെ ശിഷ്യൻ എന്ന രീതിയിലാണ് കോടിയേരിയെ അദ്ദേഹം പരി​ഗണിച്ചത്.  ശിഷ്യന് മകളോട് പ്രിയമുണ്ടെന്നറിഞ്ഞതോടെ രാജ​ഗോപാലനും സന്തോഷമായി. ശിഷ്യനെ മരുമകനായി കിട്ടുമല്ലോ എന്നതായിരിക്കണം കാരണം. അതുകൊണ്ടുതന്നെ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാർട്ടിക്കും സന്തോഷമായി. 

1980ലാണ് വിവാഹം നടക്കുന്നത്. വിവാഹ സമയം കോടിയേരി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. തലശ്ശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ വി കുഞ്ഞമ്പുവിന്റെ കാർമികത്വത്തിലായിരുന്നു വിവാഹം. പാർട്ടി രീതിയിൽ ലളിതമായ ചടങ്ങ്. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും. പാർട്ടി പ്രവർത്തകരും കുടുംബാം​ഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു വിനോദിനി. 

കോടിയേരിക്ക് എതിരെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

click me!