
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും വിനോദിനി കോടിയേരി ആരോപിക്കുന്നു. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും പറയുന്നു. 'പച്ചക്കുതിര' എന്ന മാസികയിലെ അഭിമുഖത്തിലാണ് വിനോദിനി കോടിയേരിയുടെ തുറന്ന് പറച്ചില്‍.
കോടിയേരിയുടെ വിയോഗ ശേഷം നാല് വർഷം പിന്നിടുന്നു. മരണവും സംസ്കാരവും കഴിഞ്ഞപ്പോൾ എല്ലാവരും പിരിഞ്ഞു പോയി. നേതൃത്വത്തിൽ നിന്ന് പിന്നെയാരും കുടുംബത്തിന്‍റെ സുഖവിവരം അന്വേഷിച്ചില്ല. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒന്ന് വിളിക്കാൻ പോലുമുള്ള മനസ് കാണിച്ചില്ല. ഒരു പ്രധാന കാര്യം പറയാൻ പാർട്ടിയിലെ ഒരു പ്രധാന നേതാവിനെ പലതവണ ഫോണിൽ വിളിച്ചു. കാര്യസാധ്യത്തിനെന്തെങ്കിലും ആണെന്ന് ഓർത്താകണം ഫോണെടുത്തതുമില്ല തിരിച്ച് വിളിച്ചുമില്ല എന്നാണ് കോടിയേരിയുടെ ഭാര്യ പറയുന്നത്. അത് പിണറായി ആണോ എന്ന സംശയത്തിന് പിണറായി വിജയൻ ഫോണെടുക്കുമെന്നും എടുക്കാൻ പറ്റാത്ത അത്ര തിരക്കുണ്ടെങ്കിൽ അടുത്ത ആദ്യ അവസരത്തിൽ തിരിച്ച് വിളിക്കുമെന്നാണ് വിനോദിനിയുടെ മറുപടി. ഉദ്ദേശിച്ചത് കേരളത്തിലെ പ്രധാന പാർട്ടി പദവിയിലിരിക്കുന്ന പോളിറ്റ് ബ്യൂറോ അംഗത്തെ കുറിച്ചാണെന്നും വിനോദിനി പച്ചക്കുതിക മാസികക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നുണ്ട്.
സിഎംആർഎൽ എക്സാലോജിക് കേസിന്‍റെ പശ്ചാത്തലത്തിൽ കോടിയേരിയുടെ മക്കളോട് പാർട്ടിയുടെ ഇരട്ട നീതി പലതലങ്ങളിൽ ചർച്ചയാണ്. 2023 ൽ ലഹരിക്കേസിൽ നിന്ന് കുറ്റവിമുക്തനായിട്ടും പാർട്ടി അംഗത്വം പുനസ്ഥാപിച്ച് കിട്ടാൻ ബിനീഷ് കോടിയേരി മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നതിലും ആരോപണ മുന എംവി ഗോവിന്ദന് നേരെയാണ്. എന്നും പാർട്ടിക്കൊപ്പമെന്നും പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉൾപാർട്ടി വേദികളിൽ അനിവാര്യമെന്നും വിനോദിനി കോടിയേരി അഭിമുഖത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam