കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക
ദില്ലി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിശാല സംസ്ഥാന സമിതിയിലുയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ തുടർ നടപടികൾ പിബി അംഗങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനിക്കും.
ഇന്ത്യ സഖ്യത്തിൽനിന്ന് മാറി നിൽക്കാൻ തൽക്കാലം ആലോചനയൊന്നും ഇല്ലായെന്നും സിപിഎം നേതൃത്വം അറിയിച്ചു. ഇന്ത്യ സഖ്യ യോഗം ചേരും എന്ന സൂചനകളുണ്ടെങ്കിലും ഇതുവരെ ഇക്കാര്യം നിശ്ചയിച്ചിട്ടില്ല. യോഗം വിളിക്കുമ്പോൾ ഏത് തരത്തിലുള്ള പങ്കാളിത്തം വേണം എന്നതടക്കം ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ വിശദീകരിച്ചു. അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്ത്വം പാർട്ടി കൂട്ടമായി ഏറ്റെടുക്കാൻ മടിക്കേണ്ടതില്ലെന്ന് പറഞ്ഞ പിബി അംഗം എ വിജയരാഘവൻ നേതൃമാറ്റം ചർച്ചയാക്കുന്നത് മാധ്യമങ്ങളാണെന്നും പറഞ്ഞു.


