പാര്‍ട്ടിയെ 'തിരുത്തി' കോടിയേരി; സ്ഥാനമാറ്റം ഉറച്ച തീരുമാനത്തെ തുടര്‍ന്ന്, ഇനി മന്ത്രിസഭാ അഴിച്ചുപണി

By Pranav AyanikkalFirst Published Aug 28, 2022, 7:13 PM IST
Highlights

സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുമോ എന്നതാണ് അനിവാര്യമായ പുനസംഘടനയിൽ ഏവരും ഉറ്റുനോക്കുന്ന കാര്യം 

തിരുവന്തപുരം:  മൂന്നാമൂഴത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി അഞ്ചു മാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് പാര്‍ട്ടി അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തിയത്. കേന്ദ്രനേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്രറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്.

കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാന നിമിഷം വരെ സിപിഎം നേതൃത്വം ശ്രമിച്ചു എന്നാണറിയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എംഎ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ടു. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതുണ്ടോ എന്നും ബന്ദൽ സംവിധാനമൊരുക്കി അവധിയിൽ പോയാൽ പോരെ എന്നും നേതാക്കൾ കോടിയേരിയോട് ചോദിച്ചു. എന്നാൽ തനിക്ക് പകരം താൽക്കാലിക സെക്രട്ടറിയെ നിയമിച്ചോ അല്ലെങ്കിൽ പാര്‍ട്ടി സെൻ്ററിന് ചുമതലകൾ പകുത്തു നൽകിയോ ഉള്ള സംവിധാനം വേണ്ട എന്ന ഉറച്ച നിലപാടാണ് കോടിയേരി നേതാക്കളെ അറിയിച്ചത്. 

രണ്ടാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാട് കോടിയേരി നേതാക്കളോട് വിശദീകരിച്ചു. ഇതോടെയാണ് 
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പുതിയൊരാളെ കണ്ടെത്താൻ പാര്‍ട്ടി  തീരുമാനിച്ചത്. 

ഇപി ജയരാജൻ, എ.വിജയരാഘവൻ, പി.രാജീവ് അടക്കം പല പേരുകൾ ഉയർന്നുകേട്ടെങ്കിലും ഒടുവിൽ കണ്ണൂരിൽ നിന്നു തന്നെ കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തി.  പാർട്ടിയുടെ സൈദ്ധാന്തിക മുഖം, പ്രായം, പക്ഷങ്ങളില്ലാത്ത സ്വീകാര്യത- തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർട്ടി എംവി ഗോവിന്ദനെ അമരത്തേക്ക് തെരഞ്ഞെടുത്തത്.  ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ എംവി ഗോവിന്ദൻ എകെജി സെൻറിന് മുന്നിലെ എകെജി ഫ്ലാറ്റിലെത്തി കോടിയേരിയെ സന്ദർശിച്ചു.

ഔദ്യോഗിക ചുമതലകളൊഴിഞ്ഞ  കോടിയേരി നാളെ ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയടക്കം പ്രമുഖര്‍ ചികിത്സ തേടിയ പ്രശസ്തമായ അപ്പോളോ ആശുപത്രിയിലാണ് കോടിയേരിയുടെ തുടര്‍ ചികിത്സ. നാളെ തന്നെ അദ്ദേഹം അവിടെ ചികിത്സയിൽ പ്രവേശിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. 

തദ്ദേശസ്വയംഭരണം, എക്സെസൈ് എന്നീ സുപ്രധാന വകുപ്പുകളുള്ള എംവി ഗോവിന്ദൻ രണ്ടാം പിണറായി സർക്കാറിലെ രണ്ടാമനെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. നിര്‍ണായക ചുമതലയുള്ള മന്ത്രി സെക്രട്ടറിയായതോടെ കാബിനറ്റിലെ പകരക്കാരൻ ആരാണെന്നത് അടുത്ത അഭ്യൂഹങ്ങൾ വഴി തുറന്നു കഴിഞ്ഞു. എംവി ഗോവിന്ദന് പകരവും നേരത്തെ  സജീ ചെറിയാൻ രാജിവെച്ച ഒഴിവിലേക്കുമായി രണ്ട് പുതുമുഖങ്ങൾ മന്ത്രിസഭയിലേക്ക് എത്താനാണ് സാധ്യത. 

പൊന്നാനി എംഎൽഎ പി.നന്ദകുമാർ, തലശ്ശേരി എംഎൽഎ എ.എൻ ഷംസീർ, ആലപ്പുഴ എംഎൽഎ പിപി ചിത്തരജ്ഞൻ എന്നിവരുടെ പേരുകൾ സജീവചർച്ചയിലുണ്ടെന്നാണ് സൂചന. ഒന്നാം പിണറായി സർക്കാറിൽ ആരോഗ്യമന്ത്രിയായി പേരെടുത്ത കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കുമെന്നാണ് അടുത്ത അഭ്യൂഹം. 

സ്പീക്കർ എംബി രാജേഷിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വന്ന് നിലവിലെ ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ സ്പീക്കറാക്കി വകുപ്പുകളിലടക്കം ആകെ അഴിച്ചുപണി എന്ന നിലയിലും ചർച്ചകൾ നടക്കുന്നുണ്ട്. മന്ത്രിസഭാ അഴിച്ചുപണിയുടെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനാണ്. നിലവിലെ സാഹചര്യത്തിലെ നിയമസഭാ സമ്മേളനവും ഓണവും കഴിഞ്ഞ ശേഷമേ അനിവാര്യമായ മന്ത്രിസഭാ പുനസംഘടനയിലേക്ക് സിപിഎം കടക്കൂ എന്നാണ് സൂചന. 

click me!