
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തൊട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കിൽ എത്തിയവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും സ്ഥലത്ത് എത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്ന് സൂചന. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ഏഴ് അംഗ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടിൽ നിന്ന് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്.
ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. ഇവരെയാണ് കൊടുവള്ളി പോലിസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ തട്ടിക്കൊണ്ടു പോകൽ സംഘം ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് എത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പരപാറയിൽ അന്നൂസ് റോഷന്റെ വീടിന് അടുത്ത് എത്തിയ സംഘം പ്രദേശത്തെ ചായക്കടയിൽ കയറുന്നതും പ്രദേശവാസിയുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്ന സംശയത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
പ്രതികൾ തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ ആണ് തട്ടിക്കൊണ്ട് പോകാലിന് പിന്നിൽ. വിദേശത്ത് നിന്ന് കടന്ന അജ്മൽ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല. ഇതോടെയാണ് വീട്ടുകാർക്ക് നേരെ ഭീഷണിയും ഒടുവിൽ തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. അജ്മൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam