Kokkayar Rehabilitation : ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ എങ്ങുമെത്താതെ പുനരധിവാസം, ദുരിത ജീവിതം

By Web TeamFirst Published Dec 23, 2021, 8:34 AM IST
Highlights

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ പുനരധിവാസം എങ്ങുമെത്തിയില്ല, ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരന്പര തുടരുന്നു. കരകയറാതെ കൊക്കയാർ....

ഇടുക്കി: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കാനാവാതെ കൊക്കയാർ പഞ്ചായത്ത്. ഭൂമിയും പണവും കണ്ടെത്താനാവാത്തതാണ് പഞ്ചായത്തിനെ കുഴപ്പിക്കുന്നത്. പഞ്ചായത്തിലുൾപ്പെട്ട വൻകിട തോട്ടങ്ങളിൽ നിന്ന് സ്ഥലം വിട്ടു കിട്ടിയാൽ മാത്രമേ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പഞ്ചായത്തിന് കഴിയൂ.

ഉരുൾപൊട്ടൽ മേഖലയിലും കൊക്കയാറിന്‍റെയും പുല്ലകയാറിന്‍റെയും തീരത്തുമായി താമസിക്കുന്നവരെയാണ് പഞ്ചായത്തിന് മാറ്റി പാർപ്പിക്കേണ്ടത്. കൊക്കയാർ മേഖലയിൽ 108 വീടുകൾ പൂർണമായും 413 വീടുകൾ ഭാഗികമായും തകർന്നെന്നാണ് റവന്യൂ വകുപ്പ് തന്നെ കണക്കാക്കിയിരിക്കുന്നത്. ഇതിൽ 162 കുടുംബങ്ങളും കൊക്കയാറിന്‍റെയോ പുല്ലകയാറിന്‍റെയോ തീരത്ത് താമസിക്കുന്നവരാണ്. വർഷങ്ങളായി ദുരിത അനുഭവിക്കുന്ന ഇവരെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണം.

കാര്യമായ വരുമാനം ഇല്ലാത്തതിനാൽ പുനരധിവാസം ഉറപ്പാക്കാൻ ഇതുവരെ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെല്ലാം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. മാക്കോച്ചിയിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയും പ്രളയത്തിൽ തകർന്നിരുന്നു. ഇതോടെ കുടിവെള്ളം പോലും കിട്ടാതെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ജീവിതം ഇരട്ടി ദുരിതത്തിലാണ്.

click me!