
കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്നാട് തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ(30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരാണ് ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ രണ്ടു പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാര്‍ത്താണ്ഡം സ്വദേശികളായ വേദീശ്വര്‍ (14), കനീശ്വര്‍ (10), വാഹനത്തിന്‍റെ ഡ്രൈവര്‍ തിരുനെൽവേലി രാധാപുരം സ്വദേശി സ്വാമിനാഥൻ എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സ്വാമിനാഥനും വേദീശ്വറും മെഡിക്കൽ കോളേജിലും പത്ത് വയസുള്ള കനീശ്വര്‍ എസ്എടിയിലുമാണ് ചികിത്സയിലുള്ളത്. ഒരു കുടുംബത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam