
കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.
29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തത്. കേസ് അന്വേഷണത്തിന് കരുനാഗപ്പളളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
പീഡന ദൃശ്യം ചിത്രീകരിച്ച അതുല്യയുടെ മൊബൈൽ ഫോൺ കണ്ടെടുക്കണം. അതുല്യയുടെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ഷാർജയിൽ നിന്ന് സതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. അതുല്യ മറ്റുള്ളവരുമായി സഹകരിക്കുന്നത് ഭർത്താവ് സതീഷ് വിലക്കിയിരുന്നെന്ന് ബന്ധു വ്യക്തമാക്കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ രജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതുല്യയുടെ മൃതദേഹം നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്നാൽ സഹകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. റീ പോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത പൊലീസ് സൂചിപ്പിച്ചിട്ടുണ്ടെന്നും അച്ഛൻ രാജശേഖരൻ പിള്ള ഷാർജയിലുള്ള അതുല്യയുടെ ബന്ധുക്കൾ വഴി അവിടെയും നിയമ നടപടികൾ തുടരും. ജൂലൈ 19ന് രാവിലെയാണ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ പങ്കില്ലെന്നാണ് സതീഷിൻ്റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam