അഞ്ചു മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത റോഡാണ് കൊല്ലം ബൈപ്പാസ്. ഉദ്ഘാടനത്തെ ചൊല്ലി ഏറെ രാഷ്ട്രീയ വിവാദങ്ങളും കേരളം കണ്ടു. 47 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്തിന്‍റെ ബൈപ്പാസ് സ്വപ്നം യാഥാര്‍ഥ്യമായത്. ബൈപ്പാസ് തുറന്നതിന്‍റെ ആഹ്ളാദത്തിലായിരുന്നു അന്ന് കൊല്ലം. പക്ഷേ ഇന്ന് ആഹ്ളാദമല്ല,നിരന്തരമായുണ്ടാകുന്ന അപകടങ്ങളുണ്ടാക്കുന്ന അടങ്ങാത്ത ആധിയാണ്. അഞ്ചു മാസത്തിനിനിടെ 59 അപകടങ്ങൾ. പൊലിഞ്ഞത് 10 ജീവൻ. ജീവൻ തിരിച്ചുകിട്ടിയിട്ടും ജീവിതം വഴിമുട്ടിപ്പോയവർ നിരവധി. ഉയർന്നുകേൾക്കുന്നത് അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളുടെ വിലാപം.
എന്ത് കൊണ്ട് കൊല്ലം ബൈപ്പാസ്, 'കൊല്ലും' ബൈപ്പാസായി?
കാലം മാറിയതിന് അനുസരിച്ച് കൊല്ലം ബൈപ്പാസിന്‍റെ രൂപം മാറിയില്ല. മാറിയ കാലത്തിലെ വാഹനപ്പെരുപ്പമൊന്നും കണക്കിലെടുത്തതുമില്ല.
47 വര്‍ഷം മുമ്പത്തെ അതേ രൂപ രേഖയിൽ രണ്ടു വരിയിൽ റോഡുണ്ടാക്കി. മീഡിയൻ ഇല്ല. സര്‍വീസ് റോഡില്ല, നടപ്പാതയില്ല.
അമിതവേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളുമില്ല. എന്തിനേറെ, ട്രാഫിക് സിഗ്നൽ ബോര്‍ഡുകള്‍ പോലുമില്ല.
അഞ്ച് മാസത്തിനിടെയുണ്ടായത് 10 മരണം. ഇതിൽ മൂന്നും കാൽനട യാത്രക്കാർ. ബൈപ്പാസിലേക്ക് നേരിട്ട് കയറുന്ന ഇടറോഡുകളിൽ പതിയിരിക്കുന്നത് വലിയ അപകടം
പ്രധാന ജംഗ്ഷനുകളിലൊന്നും മേൽപ്പാലമില്ല. കാൽനട യാത്രക്കാരെ ഒരിടത്ത് പോലും ബൈപ്പാസ് പരിഗണിച്ചില്ല. മറ്റ് വഴികളില്ലാത്തത് കൊണ്ട് ബൈപ്പാസ് വഴി യാത്ര ചെയ്യുന്നത് ജീവൻ പണയം വെച്ച്.
മീഡിയനുകളും നിരീക്ഷണ ക്യാമറകളുമില്ല. പാലങ്ങളിലൊഴികെ ഒരിടത്തും തെരുവുവിളക്കുമില്ല
മുടക്കിയത് 350 കോടി. വർഷങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട് മാസങ്ങൾ മാത്രം കഴിയുമ്പോഴേക്കും അപകടം പതിയിരിക്കുന്ന പാത കൊല്ലംകാരുടെ പുതിയ ആശങ്കയായിരിക്കുകയാണ്
ചോര വീഴും വഴിയാകരുത്, ഇനിയെങ്കിലും കൊല്ലം ബൈപ്പാസ്. അതിനുള്ള പോംവഴി തേടി ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ച 'ആളെക്കൊല്ലും കൊല്ലം ബൈപ്പാസ്'.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam