
കൊല്ലം: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം തമിഴ്നാട്ടിൽ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന് തടവിലിട്ട കുട്ടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികൾ ചെയ്ത് വരികയായിരുന്നു കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ്.
തിരുപ്പൂരിൽ ചെയ്ത ജോലിക്ക് കിട്ടേണ്ട പണത്തെ ചൊല്ലി വേലൻപാളയത്തെ ഒരു കുടുംബവുമായി തർക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് രാകേഷ് ഇന്നലെ വൈകിട്ട് വേലൻപാളയത്ത് എത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 14 വയസുകാരനെ തട്ടിക്കൊണ്ടുവന്നത്. പൂതക്കുളത്തെത്തിയ രാകേഷ് കുട്ടിയെ വീടിന് പിന്നിലുള്ള ഷെഡിൽ കെട്ടിയിട്ടു. എന്നാൽ കുട്ടി ഇന്ന് പുലര്‍ച്ചെ രക്ഷപെട്ടോടി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് നടന്നതെല്ലാം വെളിപ്പെട്ടത്. തുടർന്ന് പൊലീസ് രാകേഷിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കളിത്തോക്കും പൊലീസിന് ലഭിച്ചു. കുട്ടിയെ തിരുപ്പൂര്‍ പൊലീസിന് കൈമാറി. തിരുപ്പൂർ സ്വദേശികളും രാകേഷുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തായിരുന്നുവെന്ന് വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.
അതേസമയം കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്‍ക്കടിച്ച് കൊലപ്പെടുത്തി. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളുമായുള്ള അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam