
കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് സിപിഎം നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ ഭാഗമായി സിപിഎം പ്രവർത്തകർ ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തന്നെ അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്നായിരുന്നു പൊലീസിന് കൃഷ്ണകുമാര്‍ നൽകിയ പരാതി. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇന്നലെയാണ് പരാതി നൽകിയത്. കുണ്ടറ പോലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - മുളവന പരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോൾ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിന് ഇടയിൽ സനൽ പുത്തൻവിള(50)യുടെ കയ്യിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയാണ് മുളവന കഠിനാം പൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള(50).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam