'പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പിടിയിലാകുന്നത് സഹിക്കാൻ വയ്യ, രേഷ്മ വഞ്ചകി'; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

By Web TeamFirst Published Jun 25, 2021, 6:02 PM IST
Highlights

രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. 

കൊല്ലം:  കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ കുറിപ്പിൽ പറയുന്നു. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ​ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്. രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരുടെ പേരിലുള്ള സിം കാർഡാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോ​ഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാൻ ആര്യയോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.

ആര്യയുടെ ഭർത്തൃസഹോദരിയുടെ മകൾ ​ഗ്രീഷ്മയെയും ഒപ്പം കാണാതാവുകയായിരുന്നു. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് പൊലീസ് പരിസരത്ത് പരിശോധന നടത്തുകയും ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ആറ്റിൽ നിന്ന് കിട്ടുകയുമായിരുന്നു. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ​ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമാണ്. 

Read Also: കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; ​ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല; അവിശ്വസനീയം രേഷ്മയുടെ കഥ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!