തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ. നാളെ വൈകീട്ട് കൂട്ടിക്കാഴ്ചയും ചായ സൽക്കാരവും നടത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്.
നാളെ വൈകുന്നേരം നാലുമണിക്കാണ് ഗവർണറുടെ ചായ സൽക്കാരം. ഈ വിരുന്നിലേക്ക് കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ക്ഷണിച്ചിട്ടുണ്ട്. മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺഗ്രസും സിപിഎമ്മും എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.
തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ 'മിഷൻ 110'
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 'മിഷൻ 110' കൂടി പ്രഖ്യാപിച്ചതോടെ കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തി നിൽക്കുകയാണ്. തുടര്‍ഭരണം ലക്ഷ്യമിട്ടാണ് മിഷൻ 110 മായി മുഖ്യമന്ത്രി പിണറായി വിജയന്റെ മാര്‍ഗരേഖ. സിറ്റിങ് സീറ്റുകള്‍ക്കൊപ്പം കുറഞ്ഞ വോട്ടിന് തോറ്റ സീറ്റുകള്‍ കൂടി പിടിച്ചെടുക്കുകയെന്നതാണ് സുപ്രധാന ലക്ഷ്യം. എൽഡിഎഫ് 110 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, ഭരണം തിരിച്ചുപിടിക്കാൻ 100 സീറ്റുകളുമായി യുഡിഎഫും 'കിങ് മേക്കർ' പദവി ലക്ഷ്യമിട്ട് ബിജെപിയും കളം നിറയുകയാണ്.
എൽഡിഎഫിന്റെ മിഷൻ 110: വികസനം തന്നെ മന്ത്രം
തുടർഭരണം ഉറപ്പാക്കാൻ 110 സീറ്റുകൾ എന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രിയുടെ മാർഗ്ഗരേഖ. സിറ്റിങ് സീറ്റുകൾ സംരക്ഷിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് നടന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചു. വിവാദങ്ങളിൽ നിന്ന് സർക്കാരിനെ മാറ്റിയെടുക്കാൻ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാണ് എൽഡിഎഫ് തീരുമാനം.ആരോപണങ്ങളെ വികസന നേട്ടങ്ങൾ കൊണ്ട് പ്രതിരോധിക്കുകയെന്നതാകും സിപിഎം നയിക്കുന്ന എൽഡിഎഫ് മുന്നണി കണക്കുകൂട്ടുന്നത്.
യുഡിഎഫിന്റെ മിഷൻ 100:
100-ലധികം സീറ്റുകൾ നേടി കഴിഞ്ഞ 2 തവണ കൈവിട്ട ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നീക്കം. വയനാട്ടിൽ നടന്ന 'ലക്ഷ്യ 2026' ക്യാമ്പിൽ ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. 85 മണ്ഡലങ്ങളിൽ നിലവിൽ മുൻതൂക്കമുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പിന് പകരം വിജയസാധ്യതയ്ക്ക് മാത്രം മുൻഗണന നൽകാനാണ് പാർട്ടിയുടെ തീരുമാനം. ശരിയായ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ ജനപിന്തുണ ഉറപ്പാക്കുകയെന്നതിലാണ് പ്രധാനമായും യുഡിഎഫ് ശ്രദ്ധ വെക്കുന്നത്.
ബിജെപിയുടെ മിഷൻ 40: കറുത്ത കുതിരയാകാൻ നീക്കം
40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരിക്കാനാണ് ബിജെപി (എൻഡിഎ) തയ്യാറെടുക്കുന്നത്. ഇതിൽ കുറഞ്ഞത് 15 സീറ്റുകൾ എങ്കിലും വിജയിച്ച്, ഒരു തൂക്കുസഭ വന്നാൽ ഭരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന 'കറുത്ത കുതിര'യാവുക എന്നതാണ് ബിജെപിയുടെ സ്വപ്നം. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.


