വെള്ളാപ്പള്ളിക്കെതിരായ സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്: കുറ്റപത്രം തള്ളിയേക്കുമെന്ന് ആശങ്ക, നിയമോപദേശം തേടി

By Web TeamFirst Published Jul 1, 2020, 8:02 PM IST
Highlights

കേസ് തുടങ്ങിയ സമയത്ത് ക്രൈംബ്രാഞ്ചിൽ ആയിരുന്നു  എസ്പി ഷാജി സുഗുണൻ. സാങ്കേതിക പ്രശ്നം മറികടക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്

കൊല്ലം: എസ്എൻ കോളേജിന്റെ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ആശയകുഴപ്പം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ വിജിലൻസ് എസ്‌പി ആയതിനാൽ കുറ്റപത്രം തള്ളാൻ സാധ്യതയുണ്ട്. പ്രതിഭാഗം ഇക്കാര്യം ഉന്നയിച്ചാൽ കുറ്റപത്രം നിലനിൽക്കാൻ ഇടയില്ല. 

കേസ് തുടങ്ങിയ സമയത്ത് ക്രൈംബ്രാഞ്ചിൽ ആയിരുന്നു  എസ്പി ഷാജി സുഗുണൻ. സാങ്കേതിക പ്രശ്നം മറികടക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. 16 വർഷത്തിനുശേഷം,  ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം എട്ടിന് മുൻപ് കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്.

കേസിൽ വെള്ളാപ്പള്ളി നടേശനെ ഇന്നലെ ക്രൈംബ്രാഞ്ച്  ചോദ്യം ചെയ്തു. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ഇപ്പോൾ വിജിലൻസ് എസ്‌പിയായ ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് നടേശനെ ചോദ്യം ചെയ്തത്.  രണ്ടര മണിക്കൂലധികം ചോദ്യംചെയ്യൽ നീണ്ടു. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പിയാണ് കേസ് ആദ്യം അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജിക്കാരൻ നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടി. എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്.

click me!