'കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്'; മിഥുന്‍റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് സ്കൂള്‍ മാനേജര്‍

Published : Jul 19, 2025, 11:24 AM IST
midhun death kollam shock death school manager

Synopsis

ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിര്‍ഭാഗ്യവശാൽ കുട്ടിപോയതെന്നും നിര്‍ഭാഗ്യവശലാൽ ഇങ്ങനെയൊരു അപകടം സംഭവിച്ചുപോയെന്നും മാനേജര്‍ പറഞ്ഞു

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂള്‍ മാനേജര്‍ മുരളീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍റെ മരണത്തിൽ എല്ലാവര്‍ക്കും കുറ്റബോധമുണ്ട്.  ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. സംഭവത്തിൽ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നൽകാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അതിനുള്ളിൽ മറുപടി നൽകും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകള്‍ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. ലൈൻ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മിഥുന്‍റെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 11മണിയോടെ സ്കൂളിൽ മൃതദേഹം എത്തിച്ച് 12.30വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്.

ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിര്‍ഭാഗ്യവശാൽ കുട്ടിപോയത്. ഇന്നുവരെ കുട്ടികള്‍ അത്തരത്തിൽ കയറിപോകാൻ ശ്രമിക്കാത്ത സ്ഥലമാണ്. നിര്‍ഭാഗ്യവശലാൽ ഇങ്ങനെയൊരു അപകടം സംഭവിച്ചുപോയി. സ്കൂളിന്‍റെ പിന്‍ഭാഗത്താണ് സംഭവം നടക്കുന്നത്. എട്ടുവര്‍ഷത്തോളം മുമ്പാണ് സൈക്കിള്‍ ഷെഡ്ഡ് കെട്ടിയത്. ഒരോ വര്‍ഷവും ഫിറ്റ്നസ് നൽകുന്നതാണ്. ഇതുസംബന്ധിച്ച് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. ലൈൻ മാറ്റി കേബിളിടാൻ തീരുമാനിച്ചതാണ്. അതിനിടയിലാണ് ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും സ്കൂള്‍ മാനേജര്‍ പറഞ്ഞു.

അതേസമയം, സ്കൂൾ മാനേജർക്ക് സംഭവത്തിൽ നോട്ടീസ് നൽകിയെന്നും ഇന്നലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ യോഗം ചേർന്നുവെന്നും കൊല്ലത്തേത് പോലുള്ള കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ചുവെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. 

ഇതിനിടെ, സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീട് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. കുട്ടിയുടെ വീട്ടിൽ മന്ത്രി അടക്കം പോകുമ്പോൾ കാറിനു മുന്നിൽ ചാടുന്നത് ശരിയല്ല. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ മുൻപ് വേഗത്തിൽ നടപടിയുണ്ടായിട്ടുണ്ടോ? എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണ വീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്ത സാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി