
തൃശൂര്‍: തൃശൂരിൽ ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണ് യാത്രികൻ മരിച്ചു. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചത്. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.
അയ്യന്തോൾ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10നാണ് അപകടം. തൃശൂർ – കുന്നംകുളം റൂട്ടിലോടുന്ന ആര്യ ബസിനടിയിലേക്കായിരുന്നു യുവാവ് വീണത്. ബസ് പെട്ടെന്ന് നിര്‍ത്തിയെങ്കിലും പിന്നിലെ ടയര്‍ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.
കഴിഞ്ഞ മാസം മുമ്പ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്.
ആബേൽ ചാക്കോ പുഴക്കൽ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു ആബേൽ ചാക്കോ. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ടു പോകുന്നതിനിടെ കുഴികണ്ട് വെട്ടിക്കുമ്പോഴാണ് ബസിന് അടിയിൽ പെട്ടത്. തൃശൂരിലെ എംജി റോഡിൽ തന്നെയാണ് ഇന്നത്തെ അപകടവും ഉണ്ടായത്.
ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് രഘുനാഥിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്‍റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടിരുന്നു.
റിപ്പോര്‍ട്ട് തേടി കളക്ടര്‍
അയ്യന്തോളിലെ ബൈക്ക് യാത്രക്കാരനായ യുവാവിന്‍റെ മരണത്തിൽ ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ റിപ്പോര്‍ട്ട് തേടി.പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറോടും മോട്ടോർ വാഹന വകുപ്പിനോടുമാണ് റിപ്പോർട്ട് തേടിയത്.
പാലക്കാടും വാഹനാപകടം
അതേസമയം, ഇന്ന് സംസ്ഥാനത്തെ മറ്റിടങ്ങളിലും അപകടങ്ങളുണ്ടായി. പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടമുണ്ടായി. മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മനിശേരി ആറംകുളം റോഡിന് സമീപത്താണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും പച്ചക്കറി കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയും ഇന്നോവയുമായി,കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പച്ചക്കറി ഓട്ടോറിക്ഷ ഡ്രൈവറായ പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. ഷബീറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ അപകടത്തിന് തൊട്ടുമുമ്പായിയാണ് ഏതാണ്ട് 500 മീറ്റർ അപ്പുറത്ത് പിക്കപ്പ് വാഹനം നിർത്തിയിട്ട സ്കൂട്ടറുകളിൽ ഇടിച്ച് അപകടം ഉണ്ടായത്.മനിശ്ശേിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്നു സ്കൂട്ടറുകൾ ഇടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ല. മൂന്നു വാഹനങ്ങളും പൂർണ്ണമായും തകർന്നു. ഒറ്റപ്പാലം ഭാഗത്ത് നിന്നും കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം മനിശ്ശേരി റോയൽ കാറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഇടിച്ചു തകർത്തത്.