
മലപ്പുറം: കൊണ്ടോട്ടി ജോയിൻ്റ് ആർടി ഓഫീസിൽ എംഎൽഎ ടി.പി.അഷ്‌റഫലി നടത്തിയ യോഗത്തിൽ ചട്ടലംഘനമെന്ന് വിമർശനം. ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് ചെയ്യുന്നതിൻ്റെയും എംഎൽഎ ഓഫീസിൽ ഉദ്യോഗസ്ഥൻ്റെ കസേരയിലിരുന്ന് യോഗം നടത്തുന്നതിൻ്റെയും വീഡിയോ റീലാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമൻ്റുകളിൽ നിരവധി പേർ ചട്ടലംഘനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ കസേരയിൽ എംഎൽഎമാർ ഇരിക്കാൻ പാടില്ലെന്നും ഓഫീസിൽ എത്തുന്ന ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥർ മറ്റൊരു കസേര നൽകണമെന്നുമാണ് ചട്ടമെന്നുമാണ് കമൻ്റുകളിൽ ചൂണ്ടിക്കാട്ടുന്നത്.
ടിപി അഷ്‌റഫലി എംഎൽഎയുടെ ഫെയ്‌സ്ബുക് പ്രൊഫൈലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കൊണ്ടോട്ടി ജോയൻ്റ് ആർ ടി ഒ ഓഫീസ് സന്ദർശിച്ചു. കേരളത്തിൽ തന്നെ ഏറ്റവും വലിയ ഏരിയയുള്ള, കൂടുതൽ വാഹന രജിസ്ട്രഷനുള്ള, കൂടുതൽ ആളുകൾ ലൈസൻസിന് അപേക്ഷിക്കുന്ന ജോയൻ്റ് ആർ ടി ഒ ഓഫീസുകളിൽ ഒന്നാണ് കൊണ്ടോട്ടി. എന്നിട്ടും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ ജനം ദുരിതത്തിലാവുകയാണ്. നീണ്ട കാലതാമസം മൂലം ലൈസൻസിനും മറ്റും ഇതര സംസ്ഥാനങ്ങളിലേക്കും , ജില്ലകളിലേക്കും ജനങ്ങൾ പേകേണ്ട സാഹചര്യമാണുള്ളത്. ഇടത് സർക്കാർ ഒട്ടും ശ്രദ്ധിക്കാത്തതിനാൽ വലിയ റവന്യൂ നഷ്ടമാണ് സംസ്ഥാനത്തിന് ഇത് വഴിയുണ്ടാവുന്നത്. ഈ യുഡി എഫ് സർക്കാർ ആ പ്രശ്‌നത്തിന് പരിഹാരം കാണും. ജനങ്ങൾക്ക് ആശ്വാസകരമായ മാറ്റങ്ങൾ ഈ ഓഫീസിൽ കൊണ്ടുവരും,' - എന്നും എംഎൽഎ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു.
പാൻ്റും ഷർട്ടും ധരിച്ച് ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്‌ത ശേഷം പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീടാണ് ഓഫീസിനകത്തുള്ള ഉദ്യോഗസ്ഥർ ഇരിക്കുന്ന പ്രധാന കസേരയിൽ എംഎൽഎ ഇരിക്കുന്നത്. ആർടി ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം എംഎൽഎയ്ക്ക് ചുറ്റും മറ്റ് കസേരകളിൽ ഇരുന്ന് യോഗത്തിൽ പങ്കെടുക്കുന്നതും വീഡിയോയിലുണ്ട്.
'ഓഫീസ് ഹെഡ്ഡിൻ്റെ കസേര അവർക്ക് തന്നെ വിട്ടു കൊടുക്കുക. ഇരിക്കാൻ പകരം മറ്റ് സംവിധാനം ഒരുക്കുക. അതാണ് ഉചിതമായ രീതി'- എന്നാണ് കമൻ്റിൽ ടികെ മുഹമ്മദ് കുറിച്ചിരിക്കുന്നത്. 'എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ കൈകടത്താൻ എം.എൽ.എയ്ക്ക് എന്ത് അവകാശമാണുള്ളത്? ഒരു ആർ.ടി.ഓ ഓഫീസറുടെ ഒഫീഷ്യൽ സീറ്റിൽ കയറിയിരിക്കാൻ ഇത് സിനിമയല്ല, ജനാധിപത്യ രാജ്യമാണ്. നിയമം നിർമ്മിക്കേണ്ടവർ തന്നെ അത് ലംഘിക്കുന്നത് കഷ്ടമാണ്,' - എന്ന് ജിനേഷ് കമ്പളത്തും കുറിച്ചിട്ടുണ്ട്. സമാനമായ നിരവധി കമൻ്റുകളാണ് എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും റീലിന് താഴെ വന്നിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam