ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പേരൂർക്കടയിലെ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥയിലും കടുത്ത പ്രതിസന്ധികളിലും അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നേരിട്ട് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കോടതിയുടെ കർശന നീക്കം.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് പേരൂർക്കടയിലെ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ മോശം സാഹചര്യങ്ങളും രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളും സംഘം നേരിട്ട് കണ്ട് വിലയിരുത്തി.
പേരൂർക്കട ഉൾപ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിലവിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ കടുത്ത കുറവാണെന്ന് വിദഗ്ധസംഘം വിലയിരുത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
താളംതെറ്റി ഭരണസംവിധാനം; സർക്കാരിൻ്റെ അവഗണന
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കാരണം ആശുപത്രികളുടെ ദൈനംദിന നടത്തിപ്പ് തന്നെ നിലവിൽ താളംതെറ്റിയ അവസ്ഥയിലാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാഭീഷണി, രോഗികളെ പാർപ്പിക്കാൻ ആവശ്യത്തിന് സെല്ലുകളില്ലാത്ത അവസ്ഥ, കാലപ്പഴക്കം ചെന്ന ചികിത്സാ ഉപകരണങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ഈ ഗുരുതരമായ അവസ്ഥ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഹൈക്കോടതിയുടെ കർശനമായ ഇടപെടലുണ്ടാകുന്നത്.



