
പത്തനംതിട്ട: വിവാദങ്ങൾക്കും അവകാശ തർക്കങ്ങൾക്കും ഒടുവിൽ കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്നു. ആശുപത്രി സൂപ്രണ്ടിന്റെയും കോളേജ് പ്രിൻസിപ്പാളിന്റെയും ഓഫീസുകൾ നാളെ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് ആദ്യം ആശുപത്രി പ്രവർത്തനം ആരംഭിക്കും.
പത്തനംതിട്ട ജില്ലയിലെ ആദ്യ സർക്കാർ മെഡിക്കൽ കേളേജ് ഏറെ കാലമായി യുഡിഎഫ് എൽഡിഎഫ് അവകാശ തർക്കത്തിലായിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് ദ്രുതഗതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കഴിഞ്ഞ ദിവസം വ്യവസ്ഥകളോടെ അനുമതി നൽകാൻ പരിസ്ഥിതി വിലയിരുത്തൽ സമിതി ശുപാർശ നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ ആശുപത്രി സൂപ്രണ്ടും കോളേജ് പ്രിൻസിപ്പാളും ചുമതല ഏൽക്കും. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലാണ് മറ്റ് ജീവനക്കാരെ കോന്നിയിലേക്ക് എത്തിക്കുക.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ എക്സ്റേ യൂണിറ്റ് ഉൾപ്പടെയുള്ള ഉപകരണങ്ങളും എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ മരുന്നുകളും വാങ്ങാൻ കരാറായി. കിടക്കകളും മറ്റ് ഫർണിച്ചറുകളും സിഡ്കോയിൽ നിന്ന് വാങ്ങും എംഎൽഎ എംപി ഫണ്ടുകൾ ഇതിനായി ഉപയോഗിക്കും. ഈ മാസം മൂപ്പതിന് മുമ്പ് ആശുപത്രിയിലേക്കുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കും. ലോക്ഡൗൺ മൂലം ഫിൽറ്റർ മെറ്റീരിയൽസ് എത്തിക്കാൻ തടസം വന്നതോടെ സെപ്റ്റംബറിലെ കുടിവെള്ള ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മീഷൻ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam